തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് കത്തിലെ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്ന് ഭീഷണി. എംഎൽഎ ഹോസ്റ്റലിലാണ് രമയ്ക്കുള്ള ഭീഷണിക്കത്ത് ലഭിച്ചത്.
20–ാം തീയതിയാണ് കത്ത് എഴുതിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. ‘രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ’ എന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കയ്യൊടിച്ചു കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാൻ ശ്രമിക്കുകയാണല്ലേ എന്നും കത്തിൽ ചോദിക്കുന്നുണ്ട്. രമയ്ക്കുള്ള അവസാനത്തെ താക്കീതാണ് ഇതെന്നും കത്തിൽ പറയുന്നു.
പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേത് എന്ന് അറിയാമല്ലോ എന്ന ഓർമപ്പെടുത്തലും കത്തിലുണ്ട്. ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ കെ.കെ.രമ എംഎൽഎ ഡിജിപിക്ക് പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കത്തിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിൽ രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. പരിക്ക് വ്യാജമാണെന്ന് ആരോപിച്ച് സി.പി.എം അനുകൂല സൈബർ പേജുകൾ രമക്കെതിരെ പ്രചാരണം നടത്തിയിരുന്നു. സച്ചിൻ ദേവ് എം.എൽ.എക്കെതിരെ രമ പരാതി നൽകിയിട്ടും സൈബർ പൊലീസ് കേസ് എടുക്കാൻ തയ്യാറായിട്ടില്ല.