നിയമ സഭ സാമാജികര്‍ക്കെതിരെ വ്യാജ അരോപണം ഉന്നയിച്ചതിന് വാച്ച് ആന്റ് വാര്‍ഡ്കള്‍ക്കെതിരെയും മ്യൂസിയം എസ് ഐക്കെതിരേയും അവകാശ ലംഘനത്തിന് നോട്ടീസ് നല്കി.
വാച്ച് ആന്റ് വാര്‍ഡ് സാമാജികര്‍ കൈയ്യോടിച്ചെന്ന് വ്യാജ പരാതി നല്കി ഇവര്‍ ഗൂഢാലോചന നടത്തി മ്യൂസിയം എ എസ് സഭാ നാഥന്റെ അനുമതിയില്ലാതെ വ്യാജ പരാതിയില്‍ കേസെടുത്ത് സാമാജികരെ പോതുജനമധ്യത്തില്‍ അപമാനിച്ചു. കേരളനിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച അവകാശ ലംഘന പ്രശ്നത്തിന് ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയത്.
കേരളനിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 154 പ്രകാരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജിജുകുമാര്‍ പി.ഡി., നിയമസഭാ സെക്രട്ടറിയേറ്റിലെ അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈന്, വനിതാ സാര്‍ജന്റ് അസിസ്റ്റന്റ് ഷീന എന്നിവര്‍ക്കെതിരെ അവകാശലംഘനപ്രശ്നം ഉന്നയിക്കുന്നതിന് സ്പീക്കര്‍ക്കു നോട്ടീസ് നല്കി.
നിയമസഭാചട്ടം 50 പ്രകാരം പ്രതിപക്ഷം നല്കുന്ന നോട്ടീസുകള്‍ക്ക് സഭയില്‍ അവതരണാനുമതി തേടുന്നതിനുപോലും അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് 15.03.2023 ന് രാവിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ സമാധാനപരമായി ധര്‍ണ്ണ നടത്തിക്കൊണ്ടിരുന്ന യുഡിഎഫ് എംഎല്‍എമാരെ യാതൊരു പ്രകോപനവും കൂടാതെ അഡീഷണല്‍ ചീഫ് മാര്‍ഷലിന്റെ നേതൃത്വത്തില്‍ Watch & Ward Staff ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുകയാണ് ഉണ്ടായത്.
ഭരണകക്ഷിയില്‍പ്പെട്ട രണ്ട് അംഗങ്ങള്‍ കൂടി ഈ അതിക്രമത്തില്‍ പങ്കാളികളായി എന്നത് തികച്ചും ദൗര്‍ഭാഗ്യകരമായ ഒന്നാണ്. ബലപ്രയോഗത്തില്‍ സനീഷ്കുമാര് ജോസഫ്,
കെ.കെ രമ എന്നീ സാമാജികര്‍ക്ക് പരിക്ക് പറ്റുകയും അവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവരികയും ചെയ്തു. അംഗങ്ങള്‍ക്ക് പരിക്കുപറ്റി എന്ന് മനസ്സിലായതോടെ അതിനെ കൗണ്ടര്‍ ചെയ്യുന്നതിനായി അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈന്, സാര്‍ജന്റ് അസിസ്റ്റന്റ് ഷീന എന്നിവര്‍ അംഗങ്ങള്‍ക്കെതിരെ വ്യാജ ആക്ഷേപം ഉന്നയിച്ച് പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ റോജി എം. ജോണ്‍, പി.കെ ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി ബാലകൃഷ്ണന്, അനൂപ് ജേക്കബ്, കെ.കെ രമ, ഉമാ തോമസ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 5 അംഗങ്ങള്‍ക്കും എതിരെ ഐപിസി 143, 147, 149, 294 (ബി), 333, 506, 326, 353 എന്നീ വകുപ്പുകള്‍ പ്രകാരം (രണ്ട് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ശിക്ഷലഭിക്കാവുന്ന, ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത്) മ്യൂസിയം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കുകയും ചെയ്തു.
വനിതാ സാര്‍ജന്റ് അസിസ്റ്റന്റ് ഷീനയുടെ കൈയ്ക്ക് പൊട്ടല്‍ ഉണ്ടായി എന്ന വ്യാജ ആരോപണം ഉന്നയിച്ചതിനാലാണ് അംഗങ്ങള്‍ക്ക് എതിരെ ജാമ്യം ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കുന്നതിനുള്ള സാഹചര്യം ഉണ്ടായത്. എന്നാല്‍ ഷീനയുടെ കൈയ്ക്ക് പൊട്ടല്‍ ഉണ്ടായി എന്നത് ശരിയല്ല എന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അംഗങ്ങള്‍ ആക്രമിച്ച് കൈയ്ക്ക് പരിക്കേല്‍പ്പിച്ചു എന്ന വ്യാജപ്പരാതി നല്‍കിയതിലൂടെ 7 അംഗങ്ങളെ പൊതുജനമധ്യത്തില്‍ അവഹേളനപാത്രമാക്കുന്നതിനും, സമൂഹമാധ്യമങ്ങളിലൂടെ അവര്‍ അക്രമകാരികളാണെന്ന രീതിയില്‍ വ്യാപകപ്രചാരണം ഉണ്ടാകുന്നതിനും ഇടയായിട്ടുണ്ട്. അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈനും, വനിതാ വാച്ച് & വാര്‍ഡ് ജീവനക്കാരി ഷീനയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഇത്തരം ഒരു പരാതി അംഗങ്ങള്‍ക്ക് എതിരെ നല്‍കിയിട്ടുള്ളത്.
മേല്പറഞ്ഞ 7 സമാജികര്‍ക്ക് സമൂഹത്തിലുള്ള യശസ്സിനു കോട്ടം വരുത്തണം എന്ന ഉദ്ദേശ്യത്തോടെയും ജനങ്ങള്‍ക്കിടയില്‍ അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കണമെന്ന മന:പൂര്‍വ്വമായ ഉദ്ദേശ്യത്തോടെയും ആണ് ഈ പരാതി നല്‍കിയിട്ടുള്ളതെന്നും വ്യക്തമാണ്. ഇതിലൂടെ അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈനും, വനിതാ വാച്ച് & വാര്‍ഡ് സ്റ്റാഫ് ഷീനയും നിയമസഭയുടേയും, നിയമസഭാ സാമാജികരുടേയും പ്രത്യേക അവകാശങ്ങളുടെ ലംഘനം ആണ് നടത്തിയിരിക്കുന്നത്. നിയമസഭയുടെ പരിസരത്ത് നടന്ന ഒരു വിഷയം സംബന്ധിച്ച് മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐ ജിജുകുമാര്‍ പി.ഡി, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് സ്പീക്കറുടെ അനുമതി തേടിയിട്ടില്ല. 1970 ജനുവരി 29, 1983 മാര്‍ച്ച് 29, 30 എന്നീ തീയതികളില്‍ നിയമസഭാ പരിസരത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ സ്വീകരിച്ച നടപടികളില്‍ നിന്നും തികച്ചും വിഭിന്നമായ രീതിയിലുളള നടപടികളാണ് 15.03.2023 തീയതിയിലുണ്ടായ പ്രശ്നത്തില്‍ പോലീസ് സ്വീകരിച്ചത്.
നിയമസഭാ പരിസരത്ത് നടന്ന ഒരു പ്രശ്നം സംബന്ധിച്ച് സ്പീക്കറുടെ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തിന്റെ ഭാഗമായി നിയമസഭാസെക്രട്ടറിയേറ്റിലെ സിസിടിവി ഫുട്ടേജ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് കൊണ്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തതിലൂടെ മ്യൂസിയം പോലീസ് സ്റ്റേഷന് അധികൃതര്‍ സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനം ആണ് നടത്തിയിട്ടുള്ളത്.
നിയമസഭാ പരിസരത്തിന്റെ അധികാരി ആയ . സ്പീക്കറുടെ അനുമതിയില്ലാതെ യുഡിഎഫ് എം.എല്‍.എമാര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ്രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജിജുകുമാര്‍ പി.ഡി യുടെ നടപടി സഭയെ അവഹേളിക്കുന്നതും അംഗങ്ങളുടെ പ്രത്യേക അവകാശങ്ങളെ ലംഘിക്കുന്നതും ആണ്.
മേല്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്ഐ ജിജുകുമാര്‍ പി.ഡി, നിയമസഭാ അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈന്, വനിതാ സാര്‍ജന്റ് അസിസ്റ്റന്റ് ഷീന എന്നിവര്‍ക്ക് എതിരെ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണം എന്ന് സ്പീക്കറോട അഭ്യര്‍ത്ഥിച്ചു.