തിരുവനന്തപുരം: കഞ്ചാവ് വില്പന തകർത്തു നടക്കുന്നുണ്ടെന്ന് പരാതി അന്വേഷിക്കാൻ എത്തിയ എക്സൈസ് സംഘത്തിനെയും വാഹനത്തിനേയും ആക്രമിച്ച് കടന്നൽകൂട്ടം.
കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറെയും സഹ പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാമനപുരത്താണ് അപ്രതീക്ഷിതമായ സംഭവങ്ങൾ നടന്നത്, അരുവിപ്പുറം പാലത്തിനു സമീപം കഞ്ചാവ് വിൽപ്പന തകൃതിയായി നടക്കുന്നുണ്ടെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ അന്വേഷണത്തിനായി എത്തിച്ചേർന്നത് .
റേഞ്ച് ഇൻസ്പെക്ടർ ജി മോഹൻകുമാറും സംഘവും ചേർന്ന് അരുവിപ്പുറം പാലത്തിന് സമീപം പരിശോധന നടത്തുന്നതിനിടയാണ് കടന്നൽ കുത്തേറ്റത്. പാലത്തിന് സമീപം 5 ബൈക്കുകൾ ഒരുമിച്ചു നിർത്തിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നിയ എക്സൈസ് അധികൃതർ പാലത്തിനടിയിൽ എത്തി പരിശോധിക്കവേയാണ് കടന്നലുകളുടെ ആക്രമണം ഉണ്ടായത്.
ഉദ്യോഗസ്ഥർ ഉടൻ തന്നെ റോഡിലോട്ട് ഓടിക്കയറി കടന്നലുകളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ശ്രമിച്ചു എങ്കിലും പിന്നാലെ എത്തിയ കടന്നൽകൂട്ടം ആക്രമിക്കുകയായിരുന്നു ,പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി.