ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാർഥികൾക്കും അധ്യാപികക്കും പരിക്ക്. കിഴക്കേനട സർക്കാർ യു പി സ്‌കൂളിലാണ് അപകടം. കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കൾക്കും നിസാര പരിക്കേറ്റു.
വൈകിട്ട് മൂന്നരയോടു കൂടി സ്‌കൂൾ വിട്ട സമയത്താണ് മരം കടപുഴകി വീണത്. അതിനാല്‍ വലിയ ദുരന്തം വഴിമാറി. സംഭവസമയം അവിടെ കളിക്കുകയായിരുന്ന രണ്ട് കുട്ടികളുടെ തലയ്ക്ക് ഓടിന്റെ കഷ്ണം കൊണ്ടാണ് പരിക്കേറ്റത്. രണ്ടുപേരുടെയും തലയ്ക്ക് തുന്നലിട്ടു.
മരം വെട്ടിമാറ്റണമെന്ന് ഏറെ നാളുകൾക്ക് മുമ്പ് തന്നെ പരാതി നൽകിയിരുന്നെങ്കിലും മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് പിടിഎ ആരോപിക്കുന്നു. നിലവിൽ കടപുഴകിയ മരം സ്‌കൂൾ പരിസരത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.