ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 29 മുതൽ ഏപ്രില്‍ 30 വരെ രാജ്യവ്യാപക സമരം നടത്തുമെന്ന് കോൺഗ്രസ്. ഇന്ന് രാത്രി 7 മണിക്ക് ചെങ്കോട്ടയിൽ ദീപം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. അദാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് യൂത്ത് കോൺഗ്രസ്, എൻ എസ് യു പ്രവർത്തകർ കൂട്ടത്തോടെ കത്തയക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗം, യുവജന വിഭാഗം, വനിതാ വിഭാഗം ഉള്‍പ്പെടെയുള്ളവയുടെ നേതൃത്വത്തിലാണ് സമരം നടത്തുക. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയും മോദി – അദാനി കൂട്ടുകെട്ടും തുറന്നുകാണിക്കുകയാണ് ലക്ഷ്യമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
നാല് തലങ്ങളിലായാണ് സത്യഗ്രഹം സംഘടിപ്പിക്കുക. ആദ്യ ഘട്ടത്തില്‍ ബ്ലോക്ക് തലത്തിലാണ് സത്യഗ്രഹം. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 8 വരെയാണ് സത്യഗ്രഹം. മാര്‍ച്ച് 31ന് രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങള്‍ നടത്തും. ഏപ്രില്‍ 3 മുതല്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകളിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ച് കത്തയക്കും. ഏപ്രില്‍ 15 മുതല്‍ 20 വരെയാണ് ജില്ലാ തലത്തിലെ സത്യഗ്രഹം. ഏപ്രില്‍ 20 മുതല്‍ 30 വരെയാണ് സംസ്ഥാന തലത്തിലെ സത്യഗ്രഹം.
ജില്ലാ ആസ്ഥാനത്ത് നടത്തുന്ന സത്യാഗ്രഹത്തില്‍ കളക്ടറേറ്റ് ഘൊരാവോ ചെയ്യാനും ആഹ്വാനമുണ്ട്. സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടികളെ ക്ഷണിക്കാന്‍ ഡി.സി.സികള്‍ക്ക് നിര്‍ദേശമുണ്ട്. സംസ്ഥാന തലത്തിലെ സത്യഗ്രഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഒരുദിവസം നിരാഹാരമിരിക്കും. ഇതിലും മറ്റ് പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടാവും.
ബുധനാഴ്ചയും ഏപ്രില്‍ ഒന്നിനും സംഘടനയുടെ എസ്.സി./ എസ്.ടി./ ഒ.ബി.സി/ ന്യൂനപക്ഷ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ അംബേദ്കര്‍- ഗാന്ധി പ്രതിമകളുടെ മുമ്പില്‍ പ്രതിഷേധം നടത്തും. ഏപ്രില്‍ മൂന്നിന് യൂത്ത് കോണ്‍ഗ്രസിന്റേയും എന്‍.എസ്.യു.ഐയുടേയും നേതൃത്വത്തില്‍ പോസ്റ്റ്കാര്‍ഡ് പ്രതിഷേധവും മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധവും അരങ്ങേറും.
രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ക്ക് പുറമേ, മോദി- അദാനി സഖ്യത്തെ തുറന്നുകാട്ടുന്നതുമായിരിക്കും പ്രതിഷേധങ്ങളെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു.