തിരുവനന്തപുരം: അന്യൂറിസം ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയ 51 വയസ്സുകാരന്റെ തലച്ചോറിലെ രക്തധമനിക്കുള്ളിൽ അതിനൂതന വെബ് സ്ഥാപിച്ച് കിംസ്ഹെൽത്തിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം. തുടർച്ചയായി കടുത്ത തലവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ ബ്രെയിൻ ഇമേജിങ്ങിലാണ് അന്യൂറിസം കണ്ടെത്തുന്നത്. തലച്ചോറിലെ രക്തധമനികളിൽ അസാധാരണമാംവിധം വീക്കമുണ്ടാകുന്ന അവസ്ഥയാണിത്. കുറച്ച് മാസങ്ങൾക്ക് മുമ്പായി രോഗിയുടെ തലയ്ക്കേറ്റ പരുക്ക് സ്ഥിഗതികൾ കൂടുതൽ വഷളാക്കുകയായിരുന്നു. പരിശോധനയിൽ അന്യൂറിസം പൊട്ടാറായ നിലയിലാണെന്ന് കണ്ടെത്തി അടിയന്തര ചികിത്സയ്ക്ക് നിർദ്ദേശിക്കുകയുമായിരുന്നു. ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ്, ഡോ. സന്തോഷ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന വിദഗ്ദ്ധ എൻഡോവാസ്കുലർ ഇന്റർവെൻഷനിലൂടെയാണ് സങ്കീർണ്ണമായ ശസ്ത്രക്രിയ ഒഴിവാക്കി രോഗം ഭേദമാക്കാൻ സാധിച്ചത്.
സ്വയം-വികസിക്കുന്ന മെഷ് ബോൾ ഇംപ്ലാന്റ് അടങ്ങിയ ഇൻട്രാസാക്കുലർ ഫ്ലോ ഡൈവേർട്ടർ (WEB) തലച്ചോറിൽ അന്യൂറിസം ബാധിച്ച രക്തധമനിക്കുള്ളിൽ സ്ഥാപിക്കുന്നതാണ് ഈ ചികിത്സാരീതി. അരയ്ക്ക് താഴ്ഭാഗത്തായി ഗ്രോയിനിൽ ചെറിയ മുറിവുണ്ടാക്കി സിരയിലൂടെ രക്തധമനിയിലേക്ക് വെബ് സിസ്റ്റം കടത്തിവിടുന്നു, അതുവഴി അന്യൂറിസത്തിലേക്കുള്ള രക്തപ്രവാവം തടസ്സപ്പെടുകയും പേരന്റ് വെസ്സലിനുള്ളിൽ തന്നെ രക്തയോട്ടം നിലനിർത്തുകയും ചെയ്യുന്നു.
ഇത്തരം അതിനൂതന എൻഡോവാസ്കുലർ ഇടപെടലുകളിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഒഴിവാക്കുന്നതിൽ സഹായകരമാണെന്നും, പ്രൊസീജിയറിന് ശേഷം രോഗിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുമെന്നും ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള ഈ ചികിത്സാരീതി മുൻപ് വികസിത രാജ്യങ്ങളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ, ഈയടുത്താണ് ഇന്ത്യയിൽ ഉപയോഗിച്ച് തുടങ്ങിയത്. ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി ഇമേജിംഗ് & ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്, ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൽട്ടൻറ് ഡോ. ദിനേശ് ബാബു, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. ശാലിനി വർമ്മ എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായിരുന്നു.