പെരിയോഡോണ്ടല് ഡിസീസസ് അഥവാ മോണയെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനമാണ് ജിഞ്ചൈവിറ്റിസും പെരിയോഡോണ്ടൈറ്റിസും. മോണകളെയും ദന്തങ്ങള്‍ ഉറപ്പിച്ചിരിക്കുന്ന അസ്ഥികളെയും ബാധിക്കുന്ന ബാക്ടീരിയ അണുബാധയെയാണ് പെരിയോഡോണ്ടല് ഡിസീസ് എന്നു വിളിക്കുന്നത്. കൃത്യസമയത്ത് ഉചിതമായ ചികിത്സ ലഭിക്കാതിരുന്നാല്‍ ഇതു മൂലം പല്ല് നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. പുകവലി, മദ്യപാനം, പുകയില, പാന്‍ മസാല, മോശമായ ദന്തപരിചരണം,ജനിതകമായ കാരണങ്ങള്‍, സ്ത്രീകളിലെ ഹോര്‍മോണല്‍ മാറ്റങ്ങള്‍, സമ്മര്‍ദം, മരുന്നുകളുടെ ഉപയോഗം, പല്ലുകടിക്കുന്ന ശീലം, വീര്‍ത്ത് ചുവന്നതും മൃദുവായ മോണകള്‍, വായ് നാറ്റം, പല്ലില്‍ നിന്നും ഇളകിമാറിയ മോണ, പ്രമേഹം, ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍, മറ്റ് സിസ്റ്റെമിക് രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവ മോണരോഗങ്ങള്‍ക്ക് കാരണമായേക്കാം.
പെരിയോഡോണ്ടല് രോഗങ്ങള്‍ പലവിധമുണ്ട്. ജിഞ്ചൈവിറ്റിസ്, അഗ്രസ്സീവ് പെരിയോഡോണ്ടൈറ്റിസ്, ക്രോണിക്ക് പെരിയോഡോണ്ടൈറ്റിസ്, സിസ്റ്റെമിക്ക് രോഗങ്ങളായി പ്രത്യക്ഷപ്പെടുന്ന പെരിയോഡോണ്ടൈറ്റിസ്, നെക്രോട്ടൈസിംഗ് പെരിയോഡോണ്ടല് ഡിസീസസ് തുടങ്ങിയവയാണ് അവ. പെരിയോഡോണ്ടല് രോഗങ്ങള്‍ ഫലപ്രദമായ ചികിത്സ കൊണ്ട് സുഖപ്പെടുത്താന്‍ സാധിക്കും. സര്‍ജറി ആവശ്യമില്ലാത്ത ചികിത്സയുണ്ട്. സ്കേലിംഗ്, റൂട്ട് പ്ലാനിംഗ് എന്നിവയിലൂടെയാണ് അത് സാധിക്കുന്നത്. അതോടൊപ്പം ആവശ്യമെങ്കില്‍ പെരിയോഡോണ്ടല് സര്‍ജറി എന്ന ശസ്ത്രക്രിയ തെരഞ്ഞെടുക്കാവുന്നതാണ്. മൂന്നാമത്തെ ഫലപ്രദമായ മാര്‍ഗം ലേസര്‍ രശ്മികള്‍ ഉപയോഗിച്ചുള്ള പെരിയോഡോണ്ടല് തെറാപ്പിയാണ്.