അടുത്തിടെ മരിച്ച നിലയിൽ കണ്ടെത്തിയ നടി ആകാംക്ഷ ദുബയുടെ ദുരൂഹ മരണത്തിൽ രണ്ടു പേർക്കെതിരെ കേസെടുത്ത് പോലീസ്.
ഭോജ്പുരി ഗായകൻ സമർസിംങ്, സഹോദരൻ സഞ്ജയ് എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സാരാനാഥിലെ ഒരു ഹോട്ടൽ മുറിയിൽ നടി ആകാംക്ഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗായകനും സഹോദരനും എതിരെ കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.
നടിയുടെ കുടുംബം നേരത്തെയും ഗുരുതരമായ ആരോപണങ്ങൾ ഇവർക്കെതിരെ ഉന്നയിച്ചിരുന്നു. ഇരുവരും നടിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മൂന്നുവർഷമായി കോടിക്കണക്കിന് രൂപയുടെ ജോലി ചെയ്തിട്ടും ഇരുവരും പണം നൽകിയിരുന്നില്ല എന്നും സഞ്ജയ് മകളെ കൊല്ലും എന്ന് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും തുടർന്ന് മകൾ മകൾക്ക് ജീവ ഭയമുണ്ടായിരുന്നതായും നടിയുടെ അമ്മ ആരോപിച്ചു.
എന്നാൽ നടിയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് ഒന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മരിക്കുന്നതിനു മുമ്പ് നടി ഇൻസ്റ്റഗ്രാം ലൈവിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഭോജ്പുരി സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു മരിച്ച ആകാംക്ഷ.