ഏതൊരു വ്യക്തിയുടെയും ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. രാത്രിയിൽ നന്നായി കിടന്നുറങ്ങുന്നത് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആരോഗ്യമുള്ളവരായി തീർക്കുമെന്ന് പഠനങ്ങൾ പറയുന്നു .
നന്നായി ഉറങ്ങുന്നത്, അമിതവണ്ണം, പ്രമേഹം എന്നിവയും കൂടാതെ ചെറു മാനസിക സമ്മർദ്ദങ്ങൾ പോലും കുറയ്ക്കുന്നുവെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ പകൽ സമയങ്ങളിൽ ക്ഷീണത്തോടെയുള്ള ഉറക്കം, രോഗപ്രതിരോധശേഷി ദുർബലമാകുക ,ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം എന്നിവയെല്ലാം ഉണ്ടാകുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്ത പാടിനു വരെ ഉറക്കമില്ലായ്മ ഒരു പരിധി വരെ കാരണമാണ്.
രാത്രി നല്ല രീതിയിൽ ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നമുക്ക് പരിചയപ്പെടാം. പാലാണ് ഈ പട്ടികയിൽ ആദ്യമായി ഉൾപ്പെടുന്നത് . എന്നും കിടക്കുന്നതിനു മുമ്പ് ഒരു ഗ്ലാസ് പാല് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും .പാലിലുള്ള കാൽസ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന മെലാടോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ട്രിപ്റ്റോഫാനെ തലച്ചോറിലെത്തിക്കുന്ന പ്രവർത്തനമാണ് കാൽസ്യം ചെയ്യുന്നത് .
രണ്ടാമതായി പട്ടികയിലുള്ളത് ബദാം ആണ് , മനുഷ്യ ശരീരത്തിൽ മഗ്നീഷ്യം അളവ് കുറയുമ്പോൾ ഉറക്കക്കുറവ് അനുഭവപ്പെടാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു . ഇതിന് പ്രതിവിധിയായി ബദാം കുതിർത്ത് കഴിക്കാവുന്നതാണ് ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സുഖകരമായ ഉറക്കത്തിന് മനുഷ്യനെ സഹായിക്കുന്നു. ഇതിനായി നന്നായി വെള്ളത്തിലിട്ട് കുതിർന്ന ഏതാനും ബദാം കിടക്കുന്നതിന് മുന്നേ കഴിക്കാവുന്നതാണ്.