കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയേക്കും. വാഹനപരിശോധനയ്ക്കിടെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരനാണ് (53) മരിച്ചത്. മനോഹരം സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
വാഹനപരിശോധനക്കിടെ പൊലീസ് കൈകാണിച്ചപ്പോള്‍ ഇരുചക്ര വാഹനം പത്തടി മുന്നിലേക്ക് മാറ്റി നിര്‍ത്തിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്. ഹെല്‍മറ്റ് ഊരിയ മനോഹരന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ അടിച്ചതായി ദൃക്‌സാക്ഷിയായ വീട്ടമ്മ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയ മനോഹരൻ മരിക്കുകയായിരുന്നു.
മനോഹരന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നാട്ടുകാര്‍ നടത്തിയ ഉപരോധത്തില്‍ ഉന്തും തള്ളുമുണ്ടായി. സ്‌റ്റേഷനിലെത്തിയ സബ് കലക്ടറെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
മനോഹരന്റെ മരണത്തില്‍ ഹില്‍പാലസ് സ്റ്റേഷന്‍ എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പരിശോധന സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
അതിനിടെ പൊലീസ് കംപ്ലെയിന്റ്‌സ് അതോറിട്ടി അംഗം അരവിന്ദ് ബാബു ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും വിവിധ രേഖകളും പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ കുഴഞ്ഞു വീഴുന്നതായിട്ടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ മാരണകാരണം പറയാനാകൂ. സംഭവത്തില്‍ പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്നും അരവിന്ദ് ബാബു വ്യക്തമാക്കി