കൊച്ചി: ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെൻറ്(75) അന്തരിച്ചു. കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയാണ് മരണപ്പെട്ടത്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെൻറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെൻറ് അവസാന നിമിഷം വരെ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (മഴവിൽക്കാവടി) നേടിയിട്ടുള്ള ഇന്നസന്റ്, തൃശൂർ ശൈലിയിലുള്ള സംഭാഷണവും അനായാസ അഭിനയ മികവും കൊണ്ടാണ് പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയത്. ചലച്ചിത്ര നിർമാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ആലീസ്. മകൻ: സോണറ്റ്.
1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിൽ ജനിച്ചു. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി.പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.
നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്.
ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.
സിനിമകളിൽ ഗായകനായും ഇന്നസെൻറ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ആനച്ചന്തം ഗണപതി മേളച്ചന്തം (ഗജകേസരിയോഗം), കണ്ടല്ലോ പൊൻ കുരിശുള്ളൊരു(സാന്ദ്രം), കുണുക്കുപെണ്മണിയെ(മിസ്റ്റർ ബട്ടലർ), സുന്ദരകേരളം നമ്മൾക്ക്(ഡോക്ടർ ഇന്നസെൻറാണ്), സ മാ ഗ രി സ( ഠ സുനാമി) എന്നീ ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിയ്ക്കുപിന്നിൽ (ആത്മകഥ), കാൻസർ വാർഡിലെ ചിരി എന്നീ നാല് പുസ്തകങ്ങളും ഇന്നസെൻറ് രചിച്ചിട്ടുണ്ട്. തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞതിന്റെ അനുഭവങ്ങളാണ് ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്നസെൻറ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിക്കുകയും എം.പി ആവുകയും ചെയ്തു. 1989ൽ ‘മഴവിൽക്കാവടി’യിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നസെൻറിന് ലഭിച്ചു.