ബംഗളൂരു: മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കുന്ന വ്യവസ്ഥകളൊന്നും ഭരണഘടനയിൽ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം ചട്ടങ്ങളൊന്നും നിലവിലില്ലെങ്കിലും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി കോൺഗ്രസ് മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിച്ചെന്നും ഷാ പറഞ്ഞു.
കർണാടകയിൽ സർക്കാർ ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം വിഭാഗത്തിന് മുൻ സർക്കാർ അനുവദിച്ച നാല് ശതമാനം ഒബിസി സംവരണം എടുത്തുകളഞ്ഞ നടപടിയെയും ഷാ ന്യായീകരിച്ചു.
‘‘ഭരണഘടന അനുസരിച്ചല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്കു സംവരണം നടപ്പാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കു സംവരണം കൊണ്ടുവന്നത്. ആ സംവരണം ബിജെപി അവസാനിപ്പിച്ചു. വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കു സംവരണം നൽകുകയും ചെയ്തു’’– നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കര്‍ണാടകയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗരോട്ട ഷഹീദ് സ്മാരകവും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 20 അടി ഉയരമുള്ള പ്രതിമയും ഉദ്ഘാടനം ചെയ്ത അമിത് ഷാ, 103 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തു. ‘ഹൈദരാബാദിന്റെ മുക്തി’ക്കായും സ്വാതന്ത്ര്യത്തിനായും ജീവന് ബലിയര്‍പ്പിച്ചവരുടെ സ്മരണ പുതുക്കാന്‍പോലും കോണ്‍ഗ്രസ് തയാറായിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സര്‍ദാര്‍ പട്ടേല്‍ ഇല്ലായിരുന്നെങ്കില്‍ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.