തൃപ്പൂണിത്തുറ: ഹിൽപാലസ് പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മധ്യവയസ്കൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുന്പനം കർഷക കോളനിയിൽ ചാത്തംവേലിൽ വീട്ടിൽ മനോഹരൻ (52) മരിച്ചത് കസ്റ്റഡി മർദനം മൂലമാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്.
ശരീരത്തിൽ മർദനമേറ്റ പാടുകളില്ലെന്നും മനോഹരന് ഹൃദ്രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മനോഹരന്റെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വാഹന പരിശോധനക്കിടെ മനോഹരനെ പൊലീസ് സംഘം മർദ്ദിച്ചു എന്ന് ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കൊച്ചി പൊലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
ശനിയാഴ്ച രാത്രിയാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. മനയ്ക്കപ്പടി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കൈകാണിച്ചിട്ടും മനോഹരൻ വാഹനം നിർത്താതെ പോയെന്നും പിന്നീട് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞിരുന്നു.
മദ്യപിച്ചോ എന്ന് പരിശോധിച്ചതിൽ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായതിന് പിന്നാലെ ജീപ്പിൽ കയറ്റി ഹിൽ പാലസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചതിന് പിഴ ചുമത്തുന്നതിനാണ് സ്റ്റേഷനിൽ കൊണ്ടു പോയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പിന്നാലെ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്നു തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു.