തിരുവനന്തപുരം: മുറിയ്ക്കുള്ളില്‍ കത്തിച്ചുവെച്ച മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് ഗൃഹനാഥന് ഗുരുതമായി പൊള്ളലേറ്റു. കാര്യവട്ടം പിണയ്‌ക്കോട്ടുകോണം രാജേഷ് ഭവനില്‍ സോമനാണ് (71) പൊള്ളലേറ്റത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.
സോമന്‍ കിടന്നുറങ്ങുകയായിരുന്ന മുറിയില്‍ നിന്നും തീ പടരുകയായിരുന്നു. വൈദ്യുതിയില്ലാത്തതിനാല്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് കരുതുന്നത്. തീപിടുത്തത്തില്‍ മുറിക്കുള്ളിലെ സകല വസ്തുക്കളും കത്തിനശിച്ചു. അതേസമയം, തീപിടിച്ച ജനാല തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന സോമന്റെ ഭാര്യ അമ്പിളിയുടെ ദേഹത്ത് വീണപ്പോഴാണ് മറ്റുള്ളവര്‍ തീപിടിച്ചത് അറിഞ്ഞത്. സോമന്റെ നിലവിളി കേട്ട മക്കളും അയല്‍വാസികളും ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. 60 ശതമാനം പൊള്ളലേറ്റ സോമനെ മെഡി.കോളേജ് ബേണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.