ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മത്തങ്ങ. മനുഷ്യ ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ. മുഖസൗന്ദര്യത്തിനും മത്തങ്ങ അത്യുത്തമമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റി മുഖ കാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിനായി വീട്ടില്‍ തന്നെ മത്തങ്ങ ഉപയോഗിച്ച് ഉണ്ടാകാന്‍ കഴിയുന്ന ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം.
ആദ്യം പഴുത്ത മത്തങ്ങ കുരു കളഞ്ഞ് അരച്ചെടുത്ത പള്‍പ്പ് രണ്ട് ടേബിള്‍ സ്പൂണ്‍ എടുക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ പാലും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി, 20 മിനിറ്റിന് ശേഷം കഴുകിക്കളയാം.
രണ്ട്…
നേരത്തെ പറഞ്ഞപോലെ മത്തങ്ങ കുരു കളഞ്ഞ് അരച്ചെടുത്ത പള്‍പ്പിലേക്ക് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും മുഖക്കുരു ഇല്ലാതാക്കാനും സഹായിക്കുന്നു.
മൂന്ന്…
മത്തങ്ങയുടെ പള്‍പ്പ് വെറുതെ മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ച് പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മുഖം തിളങ്ങാനും സഹായിക്കും.
നാല്…
അരച്ചെടുത്ത മത്തങ്ങയിലേയ്ക്ക് ഒരു സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ക്കാം. പിന്നീട് ഇതിലേക്ക് മൂന്ന് ടീസ്പൂണ്‍ തൈരും അര ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകള്‍ അകറ്റാന്‍
ഇത് സഹായിക്കും.
അഞ്ച്…
മത്തങ്ങ പള്‍പ്പിനൊപ്പം അല്‍പം പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്‌ക്രബ്ബ് ചെയ്യുന്നത് വളരെ ഉത്തമമാണ്.