ബെംഗളുരു: മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം കർണാടക സർക്കാർ റദ്ദാക്കി. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നടപടി.
സമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. സംവരണ ക്വാട്ടയിൽ മറ്റ് വിഭാഗങ്ങൾക്കൊപ്പം മാത്രമാണ് സംവരണം നൽകുക. മുസ്ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം 2% വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകും.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ബസനഗൗഡ പാട്ടീൽ യത്നാൽ ഉൾപ്പടെ ഉള്ള ബിജെപി നേതാക്കൾ മുസ്ലിം സംവരണം എടുത്ത് കളയണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
അതേസമയം, 2023 മാര്‍ച്ച് 31 നകം തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സംവരണവും ഒ.ബി.സി സംവരണവും സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. രാഷ്ട്രീയ പിന്നാക്കാവസ്ഥയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തേ കർണാടകയിലെ മുസ്ലിം സംവരണത്തിലെ നീതി നിഷേധത്തിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കർണാടകയിൽ 15 ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തിൽപെട്ടവർക്ക് ലഭിക്കുന്ന നാല് ശതമാനം തൊഴിൽ സംവരണം എട്ടു ശതമാനമാക്കി വർധിപ്പിക്കണമെന്നാണ് കർണാടക സംസ്ഥാന മുസ്‍ലിം ലീഗ് നിർവാഹക സമിതി സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.