ന്യൂഡല്‍ഹി: എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണ് താന്‍ പോരാടുന്നതെന്നും എന്തു വില കൊടുക്കാനും തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
2019-ലെ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതിയാണ് വ്യാഴാഴ്ച രാഹുലിന് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍, രാഹുലിനെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം വെള്ളിയാഴ്ച ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിരുന്നു.
ലോക്‌സഭാംഗത്വം റദ്ദാക്കി വിജ്ഞാപനം ഇറങ്ങിയതിന് ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി പ്രതികരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും സീതാറാം യെച്ചൂരി, മമതാ ബാനർജി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളും നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.
‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ 2 വർഷം തടവുശിക്ഷയാണ് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിക്കു വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലായിരുന്നു വിധി. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. രണ്ടു വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പാണ് രാഹുലിന്റെ വയനാട് എംപി സ്ഥാനം നഷ്ടമാക്കിയത്. രാഹുലിനെ പിന്തുണച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു.