കൊച്ചി : ആക്സിസ് ബാങ്ക് കച്ചവടക്കാരുടെ സ്മാര്‍ട്ട് ഫോണിനെ പിഒഎസ് ടെര്‍മിനലാക്കി മാറ്റുന്ന പിന് ഓണ്‍ മൊബൈല്‍ സംവിധാനമായ മൈക്രോ പേ അവതരിപ്പിച്ചു. റേസര്‍പേ, മൈപിന്പാഡ് എന്നിവരെ സാങ്കേതികവിദ്യാ പങ്കാളികളാക്കിക്കൊണ്ടാണ് ഇതിനു തുടക്കം കുറിച്ചത്.ഈ സംവിധാനം രാജ്യത്തെ ചെറിയ പട്ടണങ്ങളില്‍ കുറഞ്ഞ മുതല്‍മുടക്കുമായി പ്രവര്‍ത്തിക്കുന്ന ചെറിയ കച്ചവടക്കാര്‍ക്ക് ഏറെ ഗുണകരമായ ഒന്നാവും .
പോക്കറ്റിലിടാവുന്നതും ചെലവു കുറഞ്ഞതുമായ കാര്‍ഡ് റീഡര്‍ ഉപയോഗിച്ചാണിതു സാധ്യമാക്കുക. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്‍സര്‍ട്ട്, ടാപ് രീതികളില്‍ ഇതില്‍ ഉപയോഗിക്കാം. ഈ കാര്‍ഡ് റീഡര്‍ കച്ചവടക്കാരുടെ സ്മാര്‍ട്ട് ഫോണുമായി ബ്ലൂടൂത്തിലൂടെ ബന്ധിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് കച്ചവടക്കാരുടെ ഫോണില്‍ പിന് രേഖപ്പെടുത്താനാവും. സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും ഉറപ്പാക്കിക്കൊണ്ടാവും പ്രവർത്തനം.സാധാരണ പിഒഎസ് മെഷ്യനുകളെ അപേക്ഷിച്ച് 30 ശതമാനം ചെലവു കുറക്കാനും മൈക്രോ പേ സഹായിക്കും.
ചെലവു കുറഞ്ഞതും സുരക്ഷിതവുമായ മാര്‍ഗങ്ങള്‍ അവതരിപ്പിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ് ആന്റ് പെയ്മെന്റ് വിഭാഗം മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു. ഒതുങ്ങിയ രീതിയിലെ രൂപകല്പനയും കുറഞ്ഞ ചെലവും മൂലം മൈക്രോ പേ പിഒഎസ് സംവിധാനത്തെ ആകെ മാറ്റിമറിക്കുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ റീട്ടെയിലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ നവീനമായ ഡിജിറ്റല്‍ പണമിടപാടു സംവിധാനങ്ങള്‍ അവതരിപ്പിക്കാനാണു തങ്ങള്‍ എപ്പോഴും ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ റോസര്പേയുടെ ഈസീടാപ് സിഇഒ ബയസ് നമ്പീശന് പറഞ്ഞു. ബിസിനസുകാര്ത്ത് ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകമായതാണ് തങ്ങളുടെ സാങ്കേതികവിദ്യയെന്ന് മൈപിന്പാഡ് ചീഫ് റവന്യൂ ഓഫിസര്‍ ഹര്വെ അല്‍ഫിയേരി പറഞ്ഞു.