കോഴിക്കോട്: കോഴിക്കോട് റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതിനായി റഷ്യൻ ഭാഷ അറിയുന്ന ആളുകളുടെ സഹായം ഉടൻ തേടാനും കമ്മീഷൻ നിർദേശം നൽകി. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി.
കോഴിക്കോട് കൂരാച്ചുണ്ടിൽ വെച്ച് പരിക്കറ്റ റഷ്യൻ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴിയെടുക്കുക. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്.
ആൺസുഹൃത്തിൻ്റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം. കയ്യിൽ മുറിവുണ്ടാക്കിയ പാടുമുണ്ട്. യുവതി മെഡിക്കൽ കോളേജിലെ ഐ സി യുവിൽ ചികിത്സയിലാണ്. ഇവരുടെ ആൺ സുഹൃത്തായ കൂരാച്ചുണ്ട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം.