കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാൻ പ്രേരിപ്പിച്ച താൽക്കാലിക ജീവനക്കാരി ദീപക്കെതിരെ ഇന്ന് മെഡിക്കൽ കോളേജ് പൊലിസ് കേസെടുത്തേക്കും. സംഭവത്തെത്തുടർന്ന് പിരിച്ചു വിട്ട താൽക്കാലിക ജീവനക്കാരി ദീപക്കെതിരെ ഇന്ന് മെഡിക്കൽ കോളേജ് പൊലിസാണ് കേസെടുക്കുക.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, മൊഴിമാറ്റാൻ പ്രേരിപ്പിച്ചു എന്നിവയാണ് കുറ്റങ്ങൾ. പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദം ഉണ്ടെന്നായിരുന്നു അതിജീവിതയുടെ വെളിപ്പെടുത്തൽ. കേസ് പിൻവലിക്കാൻ സമ്മർദവും ഭീഷണിയും ഉണ്ടെന്ന് അതിജീവിത പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സൂപ്രണ്ടിന് പരാതിയും നൽകി.
തുടർന്ന് അതിജീവിതയെ സമ്മർദപ്പെടുത്തിയ ജീവനക്കാരുടെ പേരും തസ്തികയും വ്യക്തമാക്കി സൂപ്രണ്ട് സർക്കുലർ ഇറക്കി. ഇതിന് പിന്നാലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടിയും സ്വീകരിക്കുകയായിരുന്നു
സസ്പെൻഡ് ചെയ്യപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ച് പേർക്കെതിരെ കഴിഞ്ഞദിവസം തന്നെ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കേസിൽ അറസ്റ്റിലായ പ്രതി വടകര സ്വദേശി കെ. ശശീന്ദ്രൻ റിമാൻഡിൽ ആണ്