കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിലെ പ്രതിയായ ശശീന്ദ്രനെയാണ് സർവീസിൽ നിന്ന് അടിയന്തിരമായി പിരിച്ചുവിട്ടത്.
പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് അഞ്ച് പേർക്കെതിരെ സസ്പെൻഷൻ നടപടിയെടുത്തത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് സർക്കാർ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
അതിജീവിതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഇവര്‍ക്കെതിരെ ആശുപത്രിയുടെ ഭാഗത്തു നിന്നുള്ള വകുപ്പുതല നടപടിക്ക് ശേഷം അറസ്റ്റ് ഉണ്ടാകും. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയതായും ആരോഗ്യ മന്ത്രി പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ ആശുപത്രി ജീവനക്കാര്‍ സമ്മര്‍ദം ചെലുത്തുന്നതായി അതിജീവിതയുടെ ഭര്‍ത്താവാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ പോലീസ് യുവതിയുടെ മൊഴിയെടുത്തു.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രിയിലെ ജീവനക്കാരനായ ശശീന്ദന് പീഡിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വേണ്ടി അനസ്തേഷ്യ നല്കിയിരുന്നതിനാല് മയക്കം പൂര്‍ണമായും വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീട് യുവതി ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.