ന്യൂഡൽഹി: സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധിക്ക് വന്‍ സ്വീകരണം. ഡൽഹി വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് എത്തിയത്. കോൺഗ്രസ് നേതാക്കളും എം.പിമാരും വിമാനത്താവളത്തിലെത്തിയിരുന്നു.
വിമാനത്താവളത്തിന്റെ ടെർമിനലിന്റെ ഭാഗത്തേക്ക് പ്രവർത്തകരെ കൂടുതലായി എത്തിച്ചേരാൻ പൊലീസ് അനുവദിച്ചില്ല. ഇവിടെ ബാരിക്കേഡ് വച്ച് തടഞ്ഞു. അർധസൈനികരെയടക്കം വിന്യസിച്ച് കർശന സുരക്ഷയാണ് വിമാനത്താവളത്തിന്റെ പരിസരത്ത് ഒരുക്കിയിരുന്നത്. രാഹുലിനെ സ്വീകരിക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാരും എത്തിയിരുന്നു.
സുപ്രീം കോടതി ഈ കേസ് തള്ളിക്കളയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസെന്നും മേല്‍ക്കോടതിയില്‍ കേസ് എത്തുന്നതിനിടെ ബി.ജെ.പിയുടെ ഭാഗത്ത് നിന്നുള്ള നീക്കങ്ങളെ നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പറഞ്ഞു. സത്യത്തിനുവേണ്ടി പോരാടുന്ന രാഹുലിനെ തളര്‍ത്താനാവില്ലെന്ന് രമ്യാ ഹരിദാസ് എംപിയും പ്രതികരിച്ചു.
ജനങ്ങളെ കേൾക്കുന്നതിന് വേണ്ടിയാണ് രാഹുൽ ഭാരത് ജോഡോ യാത്ര നടത്തിയത്. സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് രാഹുൽ പറയുന്നത്. ഭയപ്പെടുത്തി നിശബ്ദമാക്കാൻ കഴിയില്ലെന്നും ഭയപ്പെട്ട് പിന്നോട്ട് പോകുന്ന ആളല്ല രാഹുൽ ഗാന്ധിയെന്നും രമ്യ ഹരിദാസ് പറഞ്ഞു.
വരുംദിവസങ്ങളില്‍ വലിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. നിലവില്‍ ഡല്‍ഹിയിലെ വീട്ടിലേയ്ക്കാണ് രാഹുല്‍ പോയിരിക്കുന്നത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിലാണ് സൂറത്ത് സി.ജി.എം കോടതി രാഹുലിന് ശിക്ഷവിധിച്ചത്. എല്ലാ കള്ളൻമാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇത് മോദി സമുദായത്തെ അപമാനിക്കലാണെന്ന് കാണിച്ച് മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് കേസ് തീർക്കാൻ രാഹുലും തയ്യാറായില്ല. നാല് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ്മ ശിക്ഷ വിധിച്ചത്.
നിയമ നിർമ്മാണ സഭയിലെ അംഗം തന്നെയാണ് നിയമലംഘനം നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമുള്ള ആവശ്യമാണ് ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദത്തിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നീരവ് മോദിയുടേയും ലളിത് മോദിയുടേയും നരേന്ദ്രമോദിയുടേയും പേരെടുത്ത് പറഞ്ഞ പ്രസംഗം മോദി സമുദായത്തിനാകെ എതിരല്ലെന്ന് രാഹുലിന്‍റെ അഭിഭാഷകനും വാദിച്ചു. എംപിയെന്ന നിലയിൽ രാഹുലിന്‍റെ വാക്കുകൾ വലിയ സ്വാധീനമുണ്ടെന്നും ചെറിയ ശിക്ഷ നൽകിയാൽ അത് നൽകുന്ന സന്ദേശം തെറ്റാവുമെന്നും കോടതി നിരീക്ഷിച്ചു. നൽകുന്ന ശിക്ഷ കുറഞ്ഞ് പോയാൽ അത് തെറ്റുചെയ്യുന്നവർക്കുള്ള പ്രോത്സാഹനമാവുമെന്നും വിധിയിലുണ്ട്. ജാമ്യം ലഭിച്ച രാഹുൽ ഇനി മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. അതിനായി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്.