തിരുവനന്തപുരം: നിയമസഭയില്‍ ഒന്നും പറഞ്ഞില്ലെങ്കിലും പുറത്ത് നടന്ന പൊതുയോഗത്തിലെങ്കിലും നിയമസഭയില്‍ നടന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതില്‍ സന്തോഷമുണ്ട്. പ്രതിപക്ഷം സഭ്യേതരമായി പെരുമാറിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് നിയമസഭാ ചരിത്രത്തില്‍ കറുത്തപാട് വീഴ്ത്തിയ സഭ്യേതരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ പാര്‍ട്ടി സെക്രട്ടറിയായിരുന്നു താനെന്ന് പിണറായി വിജയന്‍ മറന്നു പോയി.
നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ ഏത് തരത്തിലാണ് സഭ്യേതരമായി പെരുമാറിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ വരെ പ്രതിപക്ഷ എം.എല്‍.എമാര്‍ ആക്രമിച്ചെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി പൊതുസമ്മേളനത്തില്‍ പറഞ്ഞത്. ഇരിക്കുന്ന പദവിയോട് മാന്യത പുലര്‍ത്താതെയുള്ള പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്. വാച്ച് ആന്‍ഡ് വാര്‍ഡിന് ഒരു പൊട്ടല്‍ പോലും ഇല്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു ഫോണ്‍ വിളിയിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിന് സത്യം മനസിലാക്കാന്‍ കഴിയുമായിരുന്ന സംഭവത്തിലാണ് മുഖ്യമന്ത്രി കള്ളം ആവര്‍ത്തിക്കുന്നത്. പൊട്ടലുണ്ടെന്ന് പറഞ്ഞാണ് 7 പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കള്ളക്കേസെടുത്തത്. വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കില്ലെന്ന വാര്‍ത്ത വന്നതോടെ മുഖ്യമന്ത്രിയാണ് കള്ളപ്രചരണം നടത്തുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
കെ.കെ രമയുടെ കയ്യില്‍ പ്ലാസ്റ്ററിട്ടപ്പോള്‍ വ്യാപകമായ സൈബര്‍ ആക്രമണമുണ്ടായി. വ്യാജ എക്സ് റേ പ്രചരിപ്പിച്ചു കൊണ്ടാണ് ജയ്ന്‍രാജ്, ടി.സി രമേശന്‍ എന്നിവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എക്സ് റേ വ്യാജമാണെന്നും ലിഗ്മെന്റിന് പരിക്കേറ്റിട്ടുണ്ടെന്നും ഡോക്ടര്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ രമയ്ക്കെതിരെ നടത്തിയ വ്യാജ പ്രചരണം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ഏറ്റുപിടിച്ചു. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമാണ് യാതൊരു മടിയുമില്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. ആര് മൂടി വച്ചാലും സത്യം പുറത്ത് വരും.
ചരിത്രം മറുന്ന് പോകുന്നത് കൊണ്ടാണ് നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങാന്‍ പാടില്ലെന്നും സത്യഗ്രഹം നടത്താന്‍ പാടില്ലെന്നുമൊക്കെ പറയുന്നത്. ഏറ്റവം കൂടുതല്‍ തവണ നടുത്തളത്തില്‍ ഇറങ്ങിയിട്ടുള്ളത് എല്‍.ഡി.എഫ് പ്രതിപക്ഷത്ത് ഇരിക്കുന്ന കാലത്താണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കെ.എം മാണിയുടെ ബജറ്റ് തടസപ്പെടുത്താന്‍ ചെയ്തതു പോലുള്ള മോശമായ പ്രവൃത്തി ഇന്ത്യയിലെ ഒരു പ്രതിപക്ഷവും ഇന്നുവരെ ചെയ്തിട്ടില്ല.
ലൈഫ് മിഷനെയും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിനെയും സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസുകളാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഈ രണ്ട് വിഷയങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് പൊള്ളിക്കുന്ന വിഷയങ്ങളാണ്. ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാള്‍ ജയിലിലാണ്. അഡീഷണല്‍ പി.സിനെയും ലൈഫ് മിഷന്‍ മുന്‍ സി.ഇ.ഒയെയും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. യുണീടാക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ലൈഫ് മിഷന്‍ ചെയര്‍മാനെന്ന നിലയില്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും പങ്കുണ്ട്. അതാണ് മുഖ്യമന്ത്രിയെ വിഷമിപ്പിക്കുന്നതും അലോസരപ്പെടുത്തുന്നതും.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ 54 കോടി രൂപയ്ക്ക് ബയോ മൈനിങ് കരാര്‍ ലഭിച്ച സോണ്ട കമ്പനി കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി 22 കോടി രൂപയ്ക്ക് ഉപകരാര്‍ നല്‍കി. ലൈഫ് മിഷനിലെ 20 കോടിയുടെ പദ്ധതിയില്‍ ഒന്‍പതേകാല്‍ കോടിയാണ് അടിച്ചുമാറ്റിയത്. അതിനെയും വെല്ലുന്ന തരത്തില്‍ ബ്രഹ്‌മപുരത്ത് 32 കോടിയുടെ തട്ടിപ്പും അഴിമതിയുമാണ് നടന്നത്. ബ്രഹ്‌മപുരം തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ആരും തിരിച്ച് ചോദിക്കില്ലെന്ന ഉറപ്പിലാണ് നിയമസഭയില്‍ പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സി.പി.എമ്മിന്റെ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി സംസാരിക്കുന്നത്. ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും ഭയന്നാണ് നിയമസഭ പോലും ഗില്ലറ്റിന്‍ ചെയ്ത് മുഖ്യമന്ത്രി ഓടിയത്.
1. പ്രളയത്തിന് ശേഷം 2019-ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലന്റ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?
2. കേരളത്തിലെ വിവിധ കോര്‍പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?
3. സി.പി.എം നേതൃത്വം നല്‍കുന്ന കൊല്ലം കോര്‍പറേഷനിലും കണ്ണൂര്‍ കോര്‍പറേഷനിലും ഈ കമ്പനിക്ക് യാതൊരുവിധ മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കിയിട്ടും ബ്രഹ്‌മപുരത്ത് ഇവരെ തുടരാന്‍ അനുവദിക്കുകയും വേസ്റ്റ് ടു എനര്‍ജി പദ്ധതി കൂടി നല്‍കാന്‍ തീരുമാനിച്ചതും എന്തിന്?
4. സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടയുണ്ടോ?
5. ബ്രഹ്‌മപുരത്തെ ബയോ മൈനിങിനായി കരാര്‍ നല്‍കിയ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ട്?
6. കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കൊച്ചി കോര്‍പറേഷനോ അറിഞ്ഞിരുന്നോ?
7. കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടീസ് നല്‍കുന്നതിന് പകരം സോണ്ടയ്ക്ക് 7 കോടിയുടെ മൊബൈലൈസേഷന്‍ അഡ്വാന്‍സും പിന്നീട് 4 കോടി രൂപയും അനുവദിച്ചത് എന്തിന്?
ഇത്രയും നിയമലംഘനങ്ങള്‍ നടത്തിയ കമ്പനിയെയാണ് തദ്ദേശ മന്ത്രിയും വ്യവസായമന്ത്രിയും നിയമസഭയില്‍ പ്രതിരോധിച്ചത്. അപ്പോള്‍ കമ്പനിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം എന്താണെന്നു കൂടി വ്യക്തമാക്കണം. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും നേതാക്കള്‍ക്കും ഈ കമ്പനിയുമായുള്ള ബന്ധം എന്താണ്? സോണ്ടാ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിക്കൂട്ടിലായതിനാലാണ് അടിയന്തര പ്രമേയ നോട്ടീസിനെ ഭയപ്പെട്ടതും കള്ളക്കേസെടുത്ത് പ്രകോപിപ്പിക്കാനും നിയമസഭ നടത്തിക്കാതിരിക്കാനുള്ള നടപടിയുമായി ഭരണപക്ഷം മുന്നോട്ട് പോയത്. എന്തെങ്കിലും സഭ്യേതര പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കില്‍ തെളിവുകള്‍ പുറത്ത് വിടട്ടേ.
ബ്രഹ്‌മപുരം തീപിടിത്തം സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിറ്റി പൊലീസ് കമ്മിഷണറോട് പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ 12 ദിവസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. സി.ബി.ഐ വരുമെന്ന് കണ്ട് ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം നടത്തിയതു പോലെ ബ്രഹ്‌മപുരം തീപിടിത്തം സംബന്ധിച്ച അന്വേഷണവും വിജിലന്‍സിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. സ്വന്തക്കാരെയും കരാറുകാരെയും രക്ഷിക്കാനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനൊക്കെ മറുപടി പറയാതെയാണ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നത്.
ബ്രഹ്‌മപുരത്ത് ഒരു കോണ്‍ഗ്രസ് നേതാവിനും പങ്കില്ല. ഞങ്ങള്‍ മാത്രമല്ല നിങ്ങളും കൂടിയാണ് കട്ടതെന്ന് വരുത്താനാണ് ഈ പ്രചരണം. കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അതുകൂടി സി.ബി.ഐ അന്വേഷിക്കട്ടെ. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയിട്ട് പോലും കോണ്‍ഗ്രസ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ നിന്നും സോണ്ട കമ്പനിയെ ഓടിച്ച് വിട്ടിട്ടുണ്ട്. സി.പി.എമ്മിനെ രക്ഷിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതേക്കുറിച്ചൊക്കെ സി.ബി.ഐ അന്വേഷിക്കട്ടെ.
ബംഗലുരുവില്‍ നടന്ന ഒരു സംഭവത്തിന്റെ പുറത്ത് സി.പി.എം ഏരിയാ സെക്രട്ടറി കേരളത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘമുണ്ടാക്കി സ്വപ്ന സുരേഷിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ മുഖ്യമന്ത്രിക്ക് പേടിയായത് കൊണ്ടാണ് ഏരിയാ സെക്രട്ടറിയെക്കൊണ്ട് പരാതി കൊടുപ്പിച്ചത്. മുഖ്യമന്ത്രിക്ക് മാനനഷ്ട കേസ് കൊടുക്കാന്‍ ധൈര്യമില്ലെന്നതിന്റെ പ്രഖ്യാപനം കൂടിയാണ് എം.വി ഗോവിന്ദന്‍ അയച്ച മാനനഷ്ട നോട്ടീസ്. കെ.കെ രമ നല്‍കിയ പരാതിയില്‍ കേസെടുക്കാത്ത പൊലീസാണ് ബംഗലുരുവില്‍ നടന്ന സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം പാറ്റൂരില്‍ സ്ത്രീ ആക്രമിക്കപ്പെട്ട കേസില്‍ പോലും കേസെടുത്തില്ല. ഇപ്പോള്‍ സ്വപ്ന സുരേഷിനെതിരെ കേസെടുക്കാന്‍ പൊലീസിന് എന്തൊരു ഉത്സാഹമാണ്. സ്ത്രീ സുരക്ഷ സംബന്ധിച്ച വിഷയം പോലും നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്.
കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ഹീനമായ സംഭവമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉണ്ടായത്. ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉത്തരവുകള്‍ ഇറക്കിയെന്ന നിലയില്‍ ആരോഗ്യമന്ത്രിക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടാം. ഉത്തരവുകളെല്ലാം പുസ്തകമാക്കി മന്ത്രി പ്രസിദ്ധീകരിക്കണം. ഇപ്പോള്‍ കോഴിക്കോട് അപമാനിക്കപ്പെട്ട സ്ത്രീയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ സി.പി.എം സംഘടന നേതാക്കള്‍ ഇറങ്ങിയിരിക്കുകയാണ്. എന്ത് നാണംകെട്ട കാര്യവും ചെയ്യുമെന്ന് അവര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
റബര്‍ കര്‍ഷകരുടെ പരിതാപകരമായ സ്ഥിതിയെ കുറിച്ചുള്ള വൈകാരികമായ പ്രതികരണമാണ് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി നടത്തിയത്. ബി.ജെ.പി വച്ചിരിക്കുന്ന കല്ലില്‍ തേങ്ങ എറിയാന്‍ ഞങ്ങളെ കിട്ടില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ വിഭാഗം ഒരിക്കലും ബി.ജെ.പിക്ക് പിന്നാലെ പോകില്ല. 598 ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. സ്റ്റാന്‍സാമി ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ കൊലചെയ്യപ്പെട്ടു. നിരവധി വൈദികര്‍ ജയിലിലാണ്. സംഘപരിവാര്‍ ദേവാലയങ്ങളെയും വിശ്വാസികളെയും ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ക്രൈസ്തവ സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള വലിയൊരു ജനവിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം പ്രതിനിധാനം ചെയ്യുന്നത്. കെ.എം മാണി കൂടി മുന്‍കൈയ്യെടുത്താണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 500 കോടിയുടെ വില സ്ഥിരതാഫണ്ട് കൊണ്ടു വന്നത്. അതില്‍ 500 കോടിയും ചെലവഴിച്ചു. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ട് തവണയായി ഉള്‍പ്പെടുത്തിയ 1000 കോടിയില്‍ 88 കോടി മാത്രമാണ് ചെലവഴിച്ചത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇറക്കുമതി ചുങ്കം 25 ശതമാനമാക്കിയപ്പോള്‍ റബര്‍ ഇറക്കുമതി കുറയുകയും ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന റബറിന് വില കൂടുകയും ചെയ്തത്. എന്നാലിപ്പോള്‍ ടയര്‍ ഉല്‍പാദകരെ സഹായിക്കാനായി ബി.ജെ.പി സര്‍ക്കാര്‍ റബര്‍ കോപൗണ്ടിന്റെ ഇറക്കുമതി ചുങ്കം 10 ശതമാനം കുറച്ചുകൊടുത്തു. ഇതോടെ ടയര്‍ കമ്പനികള്‍ക്ക് സ്വാഭാവിക റബര്‍ വേണ്ടെന്ന അവസ്ഥയായി. ബി.ജെ.പി സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് റബര്‍ കര്‍ഷകരുടെ തലയില്‍ ഇടിത്തീ പോലെ പതിച്ചത്. കര്‍ഷകരെ സഹായിച്ചിരുന്ന റബര്‍ ബോര്‍ഡ് അടച്ചുപൂട്ടാനുള്ള തീരുമാനവുമായി ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.
ഇങ്ങനെയുള്ള ബി.ജെ.പിക്ക് പിന്നാലെ ഏതെങ്കിലും റബര്‍ കര്‍ഷകര്‍ പോകുമോ? ഇക്കാര്യങ്ങളൊക്കെ ഞങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്തും. കോട്ടയത്തെ കര്‍ഷകസമ്മേളനത്തില്‍ റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്കുള്ള കര്‍ഷക മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. യു.ഡു.എഫ് കാലത്ത് കോണ്‍ഗ്രസ് ചെയ്തത് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇനി ബി.ജെ.പിയും സി.പി.എമ്മും എന്താണ് ചെയ്തെന്ന് ജനങ്ങള്‍ വിലയിരുത്തട്ടേ. കേരളാ കോണ്‍ഗ്രസും റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി പോരാടണമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞത്. അല്ലാതെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ആക്രമിക്കേണ്ട സാഹചര്യമൊന്നും ഇപ്പോഴില്ല. കേരള കോണ്‍ഗ്രസ് കൂടി ഉള്‍പ്പെടുന്ന വിഭാഗത്തോട് അവര്‍ക്ക് നീതി പുലര്‍ത്താനാകുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്തത്.
പ്രത്യക്ഷമായും പരോക്ഷമായും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ബജറ്റിലെ 4000 കോടിയുടെ അധിക നികുതി ഭാരത്തിന് പുറമെ 500 കോടിയുടെ വെള്ളക്കരം കൂടി ചുമത്തി. ഇന്ധന സെസ് 750 കോടിയല്ല 950 കോടിയോളം പിരിഞ്ഞു കിട്ടും. സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റിലെ പരാജയം മറയ്ക്കാനാണ് ജനങ്ങള്‍ക്ക് മേല്‍ നികുതി ഭാരം ചുമത്തുന്നത്.