ന്യൂ ഡല്‍ഹി: കൊവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായതോടെ രാജ്യം ജാഗ്രതയില്‍. കഴിഞ്ഞദിവസം, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു. മുന്‍കരുതലും ജാഗ്രത നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ജനങ്ങളോട് പ്രധാനമന്ത്രി ആഭ്യര്‍ത്ഥിച്ചു. അതേസമയം, നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാകും കൊവിഡ് നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരണോ എന്ന കാര്യം തീരുമാനിക്കുക. സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയക്കുന്ന കാര്യവും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.
കൊവിഡിനൊപ്പം പനി അടക്കം മറ്റു രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നീരീക്ഷണവും പരിശോധനയും ശക്തമാക്കും. ആവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. പോസ്റ്റീവ് സാമ്പിളുകളുടെ ജനിതക പരിശോധന കര്‍ശനമായി നടത്തണമെന്ന് അടക്കമുളള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി നല്‍കി.
അതേസമയം, കൊവിഡ് കണക്കുകളില്‍ നേരിയ വര്‍ധനവുണ്ടായതോടെ കേരളവും ജാഗ്രതയില്‍ ആണ്. ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയ ആശുപത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതിയ വകഭേദമുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം 200 കടന്നിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
















