തൊടുപുഴ: ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ അനുമോൾ (വൽസമ്മ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബിജേഷിനെ കാണാനില്ല. ഇയാൾക്കായി തെരച്ചിൽ തുടങ്ങി. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിക്കുന്നു. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്.
ഇന്ന് ബന്ധുക്കൾ വീട് തുറന്നു നോക്കിയപ്പോൾ ആണ് മൃതദേഹം കണ്ടത്. മരിച്ച അനുമോൾക്ക് 27 വയസായിരുന്നു പ്രായം. ഇവർക്ക് ഒരു മകളുമുണ്ട്.
മൂന്ന് ദിവസം മുൻപ് അനുമോളെ കാണാനില്ലെന്ന പരാതി ബിജേഷ് ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതിയും നൽകിയിരുന്നു. പൊലീസ് അനുമോൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ബിജേഷിനെയും കാണാതായത്. ഇന്ന് ബന്ധുക്കളാണ് ഇവരുടെ വീട്ടിലെത്തി തിരച്ചിൽ നടത്തിയത്. അഴുകിയ ഗന്ധം പിന്തുടർന്ന് പോയപ്പോൾ കട്ടിലിനടിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.