തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾക്കിടെ സെക്രട്ടേറിയറ്റ് വളയൽ സമരം നടത്താൻ യുഡിഎഫ്. ബ്രഹ്മപുരം തീപിടിത്തം, നിയമസഭയിലെ സംഘർഷം, സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ എന്നിവ ഉന്നയിച്ചാകും പ്രതിഷേധം.
മെയ് രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം നടത്താന്‍ യുഡിഎഫ് യോഗമാണ് തീരുമാനിച്ചത്. എല്ലാ മാസവും യുഡിഎഫ് നേതൃയോഗം ചേരുവാനും തീരുമാനിച്ചു. നേരത്തെ, മുന്നണി യോഗം ചേരുന്നതില്‍ കാലതാമസം വരുന്നതിനെതിരെ ആര്‍എസ്പി രംഗത്തുവന്നിരുന്നു.
കഴിഞ്ഞ ബജറ്റ് സമ്മേളന കാലയളവില്‍ ഉടനീളം സര്‍ക്കാരിനെതിരേ പ്രതിപക്ഷം തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബജറ്റിലെ നികുതി വര്‍ധന, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷം തുടങ്ങിയ വിഷങ്ങളിലെല്ലാം പ്രതിപക്ഷം വലിയ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു.
സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെയാണ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. വി.ഡി സതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടി ശക്തമായ പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചെന്നും യോഗം വിലയിരുത്തി.