കൊച്ചി: ചലച്ചിത്ര താരം ഗിന്നസ് പക്രുവിന് പെൺക്കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം സന്തോഷം പങ്കുവച്ചിരിക്കുന്നത്. മകള്‍ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് പക്രുവിനും പത്നി ഗായത്രി മോഹനും കുട്ടിയെ വരവേറ്റത്. മൂത്ത മകൾ ദീപ്തിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.
കുഞ്ഞനുജത്തിക്കൊപ്പം ദീപ്തി നിൽക്കുന്ന ചിത്രത്തിന് ചേച്ചിയമ്മ എന്ന അടിക്കുറിപ്പ് നൽകിയാണ് പക്രു സന്തോഷവാർത്ത പങ്കുവെച്ചത്.
അതേസമയം, നിരവധി സിനിമാതാരങ്ങളും ആരാധകരും ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്. ഒരാഴ്ച മുമ്പായിരുന്നു ഗിന്നസ് പക്രുവിന്റെയും ഗായത്രിയുടേയും പതിനേഴാം വിവാഹവാര്‍ഷികം.
അതേസമയം പുതിയ ചിത്രങ്ങളുമായി തിരക്കിലാണ് ഗിന്നസ് പക്രു. പ്രഭുദേവ നായകനായ ബഗീരയാണ് ഗിന്നസ് പക്രുവിന്റേതായി ഈയിടെ തിയേറ്ററുകളിലെത്തിയത്.