കൊച്ചി: സംസ്ഥാനത്തെ മാലിന്യ നീക്കവും സംസ്‌കരണവും നിരീക്ഷിക്കാന്‍ മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍. കോടതിയെ സഹായിക്കാന്‍ മൂന്ന് അമിക്കസ്‌ക്യൂറിമാരേയും നിയമിച്ചു.
എറണാകുളത്തിനും തൃശ്ശൂരിനുമായി പൊതുവായ ഒരു നിരീക്ഷണ സംവിധാനമാണ് കോടതി ഏര്‍പ്പെടുത്തിയത്. എറണാകുളത്തിന് തെക്കോട്ടുള്ള ജില്ലകള്‍, തൃശ്ശൂരിന് വടക്കോട്ടുള്ള ജില്ലകള്‍ എന്നിങ്ങനെ മേഖല തിരിച്ചാണ് മറ്റു രണ്ട് നിരീക്ഷണ സംവിധാനങ്ങള്‍.
മാലിന്യ സംസ്‌കരണത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കരുത്, മാലിന്യങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കണം, സ്ഥാപനങ്ങള്‍ വീഴ്ചവരുത്തിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണം തുടങ്ങിയ നിർദേശങ്ങളും ഡിവിഷന്‍ ബെഞ്ച് മുന്നോട്ടുവെച്ചു. ആദ്യഘട്ടത്തില്‍ പോലീസിന്റെ ഇടപെടലുണ്ടാകില്ലെങ്കിലും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടാല്‍ പോലീസിനേക്കൂടി രംഗത്തിറക്കുമെന്നും കോടതി പറഞ്ഞു.