ബെംഗളൂരു: ഹിന്ദുത്വത്തെപ്പറ്റിയുള്ള ട്വീറ്റ് വിവാദമായതിനു പിന്നാലെ കന്നട നടൻ ചേതൻ അഹിംസ എന്നറിയപ്പെടുന്ന ചേതൻ കുമാർ അറസ്റ്റിൽ. ശേഷാദ്രിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ചേതനെ ജില്ലാ കോടതിയിൽ ഹാജരാക്കി. ദലിത് ആക്ടിവിസ്റ്റായ നടനെതിരെ മതവിശ്വാസത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
ഹിന്ദുത്വം എന്ന ആശയം നുണകളുടെ മീതെയാണ് പടുത്തുയർത്തിയത് എന്ന ട്വീറ്റിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രാവണവധത്തിന് ശേഷം ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയ വേളയിലാണ് ഇന്ത്യ സ്ഥാപിതമായതെന്ന് വി.ഡി. സവർക്കറിന്റെ ആശയം തെറ്റാണെന്ന് ചേതൻ കുറിച്ചു.
ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണ് ശ്രീരാമൻ ജനിച്ചതെന്ന വാദം ശരിയല്ലെന്നും ടിപ്പു സുൽത്താന്റെ കൊലയാളികളാണെന്ന് പ്രചരിപ്പിക്കപ്പെടുന്ന പേരുകൾ തെറ്റാണെന്നും താരം കുറിച്ചിരുന്നു.
സമൂഹത്തിൽ ശത്രുത വളർത്തുന്ന പ്രസ്താവനയാണു ചേതന്റേതെന്നാണ് പൊലീസിന്റെ ആരോപണം. ട്വീറ്റിനെതിരെ പരാതി കിട്ടിയതിനു പിന്നാലെയാണു ചേതനെ പൊലീസ് അറസ്റ്റ് ചെയ്തത്.