തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം ഇന്നും സുഗമമായി നടക്കാനിടയില്ല. അടിയന്തര പ്രമേയ നോട്ടീസുകൾക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിൽ സഭാ നടപടികളിൽ സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ നിലപാട്. ഇതോടെ ചോദ്യോത്തര വേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്.
സ്ത്രീ സുരക്ഷ ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ ലൈംഗിതാകിക്രമത്തിന് ഇരയായത് പ്രതിപക്ഷം ഉന്നയിക്കും. തലസ്ഥാനത്തെ സ്ത്രീകൾക്കെതിരായ അക്രമവും സംസ്ഥാനത്ത് നടക്കുന്ന മറ്റു സ്ത്രീ അതിക്രമങ്ങളും ചർച്ചയാകും.
സഭാ സ്തംഭനം ഒഴിവാക്കാൻ ഇന്നലെ സ്പീക്കർ കാര്യോപദേശക സമിതി യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. ഇന്നലേയും പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ നടപടികൾ വേഗത്തിലാക്കി സഭ നേരത്തെ പിരിയുകയായിരുന്നു. ഇന്ന് സമയവായ ചർച്ചകൾക്കുള്ള സൂചനകൾ ഇതുവരെയില്ല.