തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49കാരി ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഉടന്‍തന്നെ വിവരം പേട്ട പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരിയോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ട പൊലീസ് മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ 13ന് രാത്രി 11 മണിക്കാണ് ദാരുണമായ സംഭവം നടന്നത്. മകള്‍ക്കൊപ്പം മൂലവിളാകത്ത് താമസിക്കുകയായിരുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്‌നില്‍ നിന്നും അജ്ഞാതനായ ഒരാള്‍ പിന്തുടരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ വണ്ടി തടഞ്ഞുനിര്‍ത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
വീട്ടിലെത്തി പരാതിക്കാരി മകളോട് കാര്യം പറഞ്ഞു. മകള്‍ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേല്‍വിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ലെന്നും പരാതിക്കാരി വെളിപ്പെടുത്തി. സംഭവം അറിയിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം പരാതിക്കാരി കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് പേട്ട പൊലീസ് കേസെടുത്തത്.