തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പൻ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. ജയാനന്ദന്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു. കൊടുംകുറ്റവാളി ആയ റിപ്പർ ജയാനന്ദൻ തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിലാണ് തടവറയിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ 17-ാം തീയതിയാണ് ഇയാളുടെ ഭാര്യ ഇന്ദിര മകളുടെ വിവാഹമാണ് റിപ്പർ ജയാനന്ദനെ പങ്കെടുപ്പിക്കാൻ അനുവദിക്കണം15 ദിവസത്തെ പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
മാർച്ച് 21, 22 തീയതികളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. പൊലീസ് അകമ്പടിയോടെയാകും ജയാനന്ദൻ മകളുടെ വിവാഹത്തിൽ പങ്കെടുക്കുക. ജയാനന്ദന്റെ ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് പരോൾ അനുവദിച്ചത്. യൂണിഫോം ഒഴിവാക്കി സാധാരണ വസ്ത്രത്തിലായിരിക്കണം ജയാനന്ദനൊപ്പം പൊലീസ് ഉണ്ടായിരിക്കേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.
സംസ്ഥാന സർക്കാർ ഈ ഘട്ടത്തിൽ പരോളിനെ എതിർത്തിരുന്നു. റിപ്പർ ജയാന്ദൻ മകൾ കീർത്തി ജയാനന്ദൻ അഭിഭാഷകയാണ്. ഇവർ തന്നെയാണ് തന്റെ അമ്മക്ക് വേണ്ടി ഹൈകോടതിയിൽ ഹാജരായത്. തന്റെ വിവാഹമാണ്, അഭിഭാഷക എന്ന രീതിയിലലല്ല, മകൾ എന്ന രീതിയിൽ തന്നെ അച്ഛന് തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ വാദം ഉന്നയിച്ചത്. സംസ്ഥാന സർക്കാർ ഇതിനെ എതിർത്തെങ്കിലും മകൾ എന്ന രീതിയിൽ പരിഗണിക്കണം എന്നാവശ്യമാണ് കീർത്തി ജയാനന്ദൻ കോടതിയിൽ പറഞ്ഞത്.
കോടതി ഉപാധികളോടെയാണ് അനുമതി നൽകിയത്. അതായത് 21ാം തീയതി വിവാഹത്തിൽ തലേദിവസം പൊലീസ് സംരക്ഷണത്തിൽ റിപ്പർ ജയാനന്ദന് വീട്ടിലേക്കെത്താം. 22ാം തീയതി 9 മണി മുതൽ 5 മണി വരെ വിവാഹത്തിൽ പങ്കെടുക്കാം. തിരികെ ഇയാൾ ജയിലിൽ മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകണം എന്നും കോടതി നിർദേശിച്ചു. രണ്ട് ദിവസത്തെ അനുമതിയാണ് നൽകിയിരിക്കുന്നത്.
ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയാണു ജയാനന്ദൻ. പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജയാനന്ദൻ, സുപ്രീംകോടതി ഇടപെടലിനെത്തുടർന്നു ശിക്ഷ ഇളവു ലഭിച്ചു ജീവപര്യന്തം തടവ് അനുഭവിക്കുകയാണിപ്പോൾ. കൂർത്ത ആയുധങ്ങളുപയോഗിച്ചു സ്‌ത്രീകളെ കൊലപ്പെടുത്തിയശേഷം ആഭരണ മോഷണമാണ് ഇയാളുടെ രീതി.