ഹേഗ്: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. റഷ്യൻ ചിൽഡ്രൻസ് റൈറ്റ് കമീഷണർ മരിയ ലവോവക്കെതിരെയും കോടതി വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.
യുക്രെയ്നിൽ നിന്ന് റഷ്യയിലേക്ക് കുട്ടികളെ അനധികൃതമായി കടത്തിയതുൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങൾ ചുമത്തിയാണ് വാറന്‍റ്. യുക്രെയ്ൻ അധിനിവേശം തുടങ്ങിയ 2022 ഫെബ്രുവരി 24 മുതൽ യുദ്ധക്കുറ്റങ്ങൾ നടക്കുന്നുണ്ട്. കുട്ടികളെ കടത്തിയത് പുടിന്റെ അറിവോടെയാണ്. ഇത് തടയാൻ വ്ളാദിമിർ പുടിൻ ഒന്നും ചെയ്തില്ലെന്നും കോടതി പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള റഷ്യയുടെ പ്രസിഡൻഷ്യൽ കമ്മീഷണറായ മരിയ എൽവോവ-ബെലോവയ്‌ക്കെതിരെയും സമാനമായ കുറ്റങ്ങൾ ചുമത്തി വാറന്റ് പുറപ്പെടുവിച്ചതായി ഹേഗ് ആസ്ഥാനമായുള്ള ഐസിസി അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അതേസമയം അന്താരാഷ്ട്ര കോടതിയുടെ ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.
വാറന്റ് പുറപ്പെടുവിച്ചെങ്കിലും പുടിനെയും ബെലോവയെയും അറസ്റ്റ് ചെയ്യാൻ കോടതിക്ക് കഴിയില്ല. കോടതി സ്ഥാപിച്ച കരാറിൽ ഒപ്പിട്ട രാജ്യങ്ങളിലുള്ളവർക്കെതിരെ മാത്രമേ കോടതിക്ക് നിയമനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. റഷ്യ കരാറിൽ ഒ്പ്പുവെച്ചിട്ടില്ല.