തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽക്കാലിക വി.സി സിസാ തോമസിന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾക്ക് വിലക്ക്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് തീരുമാനം. സർക്കാർ നോട്ടീസ് ചോദ്യം ചെയ്ത് സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. മാർച്ച് 23 വരെ തുടർ നടപടികൾ പാടില്ലെന്നാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
അതേസമയം, നോട്ടീസിന് മറുപടി നൽകാൻ സിസയോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. സർക്കാർ വിശദമായ സത്യവാങ്മൂലവും നൽകണം. കേസ് 23 ന് വീണ്ടും പരിഗണിക്കും. സർക്കാരിന്റെ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റതിനായിരുന്നു സിസ തോമസിന് സർക്കാർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.
കഴിഞ്ഞ ദിവസമാണ് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സിസാതോമസ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. സർക്കാർ പറയുന്നതുപോലെ ക്രമവിരുദ്ധമായ നടപടി തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും സിസാ തോമസ് ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ചാൻസറുടെ അറിവോടുകൂടിയാണ് കെ.ടി.യു വിസിയായി ചുമതലയേറ്റത്. അതിനാൽ ഉന്നത വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പെടെയുള്ളവർക്ക് നടപടി സ്വീകരിക്കാനാവില്ലെന്നും സിസാ തോമസ് ഹരജിയിൽ പരാമർശിച്ചിരുന്നു. അനുമതി കൂടാതെ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തതിന് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നൽകിയിരുന്നത്.
ഈ മാസം 23ന് കേസ് പരിഗണിക്കും. ഈ മാസം അവസാനം ഡോ.സിസ തോമസ് സർവീസിൽനിന്ന് വിരമിക്കും.