ബെംഗളൂരു: ബെംഗളൂരുവില്‍ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പൊട്ടി സ്‌ഫോടനം. ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലാണ് സംഭവം. തകർന്ന പൈപ്പിൽ നിന്ന് വാതകം ചോർന്ന് രണ്ട് വീടുകൾക്ക് തീപിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. എച്ച്എസ്ആർ ലേഔട്ടിന്‍റെ ഏഴാം ഫെയ്സിൽ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് അഴുക്കുചാൽ പ്രവൃത്തികൾ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. കുഴിയെടുക്കൽ ജോലിക്കിടെ ഗ്യാസ് പൈപ്പ് ലൈനുകളിലൊന്ന് തകരുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എച്ച്എസ്ആർ ലേഔട്ടിലെ മലിനജല ജോലികൾക്കായി ജലവിതരണ ബോർഡ് വാടകയ്‌ക്കെടുത്ത കരാറുകാരനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
അതേസമയം, ഗ്യാസ് പൈപ്പ് ലൈനിന് സമീപം കുഴിയെടുക്കുന്ന ജോലികൾ നടത്തുന്നതിന് മുമ്പ് ഗെയിൽ ഗ്യാസിന് മുൻകൂർ അറിയിപ്പ് നൽകാനും അത്തരം സംഭവങ്ങൾ 1800-102-9282 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാനും കരാറുകാരോട് ആവശ്യപ്പെടാൻ ബംഗളുരുവിലെ എല്ലാ താമസക്കാരോടും അധികാരികളോടും ഗെയിൽ അഭ്യർത്ഥിച്ചു.
പ്രകൃതിവാതക പൈപ്പ് ലൈനിന് സമീപം കുഴിയെടുക്കുന്ന ജോലികൾ ഏറ്റെടുക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഗെയിൽഅഭ്യർത്ഥിച്ചു.