തിരുവനന്തപുരം: ശസ്ത്രക്രിയക്കുശേഷം വയര്‍ തുന്നിച്ചേര്‍ക്കാതെ നിർധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ഏപ്രില്‍ 17ന് പരിഗണിക്കും.
പത്തനാപുരം മുല്ലൂര്‍ നിരപ്പ് സ്വദേശിനി കെ. ഷീബക്കാണ് ഗുരുതര ചികിത്സാ പിഴവുണ്ടായതെന്നാണ് പരാതി. കൊല്ലത്തെ സ്വകാര്യാശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ചികിത്സക്ക് വിധേയയായത്.
ഇതില്‍ 2022 ഡിസംബര്‍ 17ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയ വയര്‍ കുറുകെ കീറിയാണ് നടത്തിയത്. തുടര്‍ന്ന് വയര്‍ തുന്നിച്ചേര്‍ക്കാതെ ബസില്‍ കയറ്റി വിട്ടെന്നാണ് പരാതി.
നിലവിൽ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷീബ.