ഇടുക്കി: ഇടുക്കിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 28 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കൈതപ്പതാല്‍ സ്വദേശിനി ലിജി (38), മകന് ലിന് ടോം (7) എന്നിവരാണ് മരിച്ചത്. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് ദാരുണമായ സംഭവം നടന്നത്.
കഴിഞ്ഞ ദിവസമാണ് ലിജിയുടെ ഇളയ കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരണമടഞ്ഞത്. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ലിജി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത്. എന്നാല്‍ ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയിരുന്നു. ഈ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കള്‍ വീട്ടില്‍ ലിജിയെയും മകനെയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീട്ടിലെ കിണറ്റില്‍ രണ്ട് പേരെയും കണ്ടെത്തിയത്.
അതേസമയം, ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.