ബംഗളൂരു: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴി കർണാടക പോലീസ് വീണ്ടും രേഖപ്പെടുത്തും. വ്യാഴാഴ്ച സ്വപ്നയോട് നേരിട്ടെത്താൻ കർണാടക പോലീസ് നിർദേശിച്ചു. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് മൊഴിയെടുക്കുക.
സ്വർണക്കടത്തു കേസിൽ കോടതിയിൽ കൊടുത്ത മൊഴി തിരുത്താൻ പണം വാഗ്ദാനം ചെയ്തെന്നും വഴങ്ങിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നു വിജേഷ് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് സ്വപ്ന നൽകിയ പരാതിയിലാണ് നടപടി. വിജേഷ് പിള്ളയെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല എന്നായിരുന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. തുടർന്നാണ്, വീണ്ടും സ്വപ്നയുടെ മോഡി എടുക്കാൻ പൊലീസ് തീരുമാനിച്ചത്. നാളെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. നേരത്തെ വിജേഷ് പിള്ളയുമായി സംസാരിച്ച ഹോട്ടലിൽ വച്ച് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമുണ്ടായെന്ന ആരോപണം ഫേസ്ബുക്ക് ലൈവിലൂടെയാണ് സ്വപ്ന ഉന്നയിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് വിജേഷ് പിള്ളയെ തന്റെ അടുത്തേയ്ക്ക് അയച്ചതെന്നും സ്വപ്ന ആരോപിച്ചിരുന്നു.
സ്വപ്ന സുരേഷിനെതിരായ വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണ ചുമതല കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ നിന്നും പിന്മാറാൻ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിലാണ് വിജേഷ് പരാതി നൽകിയത്.