കണ്ണൂർ: കാക്കയങ്ങാട്ട് ബോംബ് നിർമാണത്തിനിടെയുണ്ടായ വീട്ടിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ പ്രതിയായ വീട്ടുടമ അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകനായ അയിച്ചോത്ത് സ്വദേശി മുക്കോലപറമ്പത്ത് കെ.കെ സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങവെ സന്തോഷിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ സന്തോഷിനും ഭാര്യ ലസിതയ്ക്കും പരിക്കേറ്റിരുന്നു. ബോംബ് നിർമിക്കുന്നതിനിടെ വൈകീട്ട് ആറ് മണിയോടെയാണ് വീടിനുള്ളില്‍ സ്‌ഫോടനം നടന്നത്. സന്തോഷിന്റെ ഭാര്യ ബിജെപി അനുഭാവിയാണ്. ബോംബ് നിർമിക്കാൻ ഉപയോഗിച്ച വെടിമരുന്ന് അടക്കമുള്ള സാധനങ്ങൾ പൊലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.
നേരത്തെയും സമാന സംഭവത്തിൽ പരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്. അന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസ് നടന്നുവരവെയാണ് ഇപ്പോൾ വീണ്ടും വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടായത്.