കോട്ടയം: കൊടും ചൂടില്‍ നിന്നും ആശ്വാസം പകര്‍ന്ന് വേനല്‍ മഴയെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് ചിലയിടങ്ങളില്‍ സാമാന്യം നല്ല രീതിയില്‍ തന്നെ വേനൽ മഴയെത്തിയത്.
വൈകിട്ടോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ മഴ ലഭിച്ചു. ഇതിന് പിന്നാലെ കോട്ടയത്തും വേനൽ ചൂടിന് ആശ്വാസവുമായി വിവിധ ഇടങ്ങളിൽ മഴ എത്തി. 4 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ വൈകിട്ടോടെ പത്തനംതിട്ടയടക്കമുള്ള ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു.
ആറ് മണിയോടെ പുറത്തിറക്കിയ അറിയിപ്പിൽ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ വകുപ്പ് പ്രവചിച്ച പോലെ മഴ എത്തിയതിന്‍റെ ആശ്വാസത്തിലാണ് രണ്ട് ജില്ലകളിലുമുള്ളവർ. രാത്രി കൂടുതൽ ജില്ലകളിൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത.
അതേസമയം മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിട്ടുണ്ട്. മലയോരമേഖലകളിലാണ് കൂടുതൽ മഴ സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ ലഭിച്ചേക്കും. പിന്നീട് വടക്കൻ കേരളത്തിലും മഴ ലഭിക്കുമെന്നുമാണ് വ്യക്തമാകുന്നത്.