ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും സമീപത്തെ ബഫര്‍സോണില്‍ ഖനനംപോലുള്ള പ്രവര്‍ത്തനങ്ങളുടെ നിരോധനമാണ് ലക്ഷ്യമിട്ടതെന്ന് സുപ്രീംകോടതി. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിര്‍മാണങ്ങള്‍ക്ക് ഉള്‍പ്പെടെ സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബഫര്‍സോണില്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന സൂചനയും സുപ്രീംകോടതി ബുധനാഴ്ച നല്‍കി.
കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന സൂചന നല്‍കിയാണ് ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം. സാധാരണ ജനങ്ങളുടെ ജീവനോപാധികളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് എന്ന നിലപാട് കോടതി ഇന്ന് വീണ്ടും ആവർത്തിച്ചു. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി തേടി കേന്ദ്രസര്‍ക്കാരും ഇളവ് തേടി കേരളവും നല്‍കിയ അപേക്ഷകൾ പരിഗണിക്കവേയാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നീരീക്ഷണം.
കേരളത്തിന്റെ ആശങ്കകളെ പൂർണ്ണമായി പിന്തുണയ്ക്കുകയായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. രാജ്യത്തെ ഒരോ വന്യജീവി സങ്കേതത്തിൻറെയും സ്ഥിതി വിത്യസ്തമാണ്. ഒരോ പ്രദേശം തിരിച്ചാണ് സംരക്ഷണ നടപടികൾ നടപ്പാക്കാൻ ശ്രമിച്ചത്. സുപ്രീംകോടതിയുടെ ബഫർസോൺ വിധി ഈ നടപടികളെ തകിടം മറിച്ചെന്ന് കേന്ദ്രം വാദിച്ചു.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ 2022 ജൂണ്‍ മൂന്നിലെ ഉത്തരവ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതാണെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വറും, കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയും കോടതിയില്‍ ചൂണ്ടിക്കാട്ടി.
കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമേ, സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിജ്ഞാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്കുകൂടി ഇളവനുവദിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.
ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി തേടി കേന്ദ്രസര്‍ക്കാരും ഇളവ് തേടി കേരളവും നല്‍കിയ അപേക്ഷകളില്‍ നാളെയും വാദം തുടരും. നാളെ സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാകും വാദം നടത്തുക. കേന്ദ്രത്തിന്റെ അപേക്ഷയിൽ കക്ഷി ചേർന്ന ഷേലി ജോസിനായി അഭിഭാഷക ഉഷാ നന്ദിനിയും പെരിയാർ വാലി സംരക്ഷണ സമിതിയ്ക്കായി അഭിഭാഷകൻ വി.കെ ബിജുവും ഹാജരാകും.