തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ടു ഇന്ന് നടന്ന കയ്യാങ്കളിയിൽ യുഡിഎഫ് എം.എൽ.എമാർക്കെതിരെ വിമർശനവുമായി കേരള പൊലീസ് അസോസിയേഷൻ. ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് വാച്ച് ആൻഡ് വാർഡിനെതിരെ നടന്ന ആക്രമണം ഗൗരവമുള്ളതാണെന്ന് പരാതിയിൽ പറയുന്നു.
നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കും വിധം കർശന നടപടി സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു. നടന്നത് വാച്ച് ആൻഡ് വാർഡുമാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തലാണെന്നും ചില ഉദ്യോഗസ്ഥരെ എം.എൽ.എമാരും അവരുടെ സ്റ്റാഫുകളും ചേർന്ന് മർദിച്ചെന്നും പൊലീസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പൊലീസ് അസോസിയേഷൻ പരാതി നൽകി. അഡീഷണൽ ചീഫ് മാർഷൽ ഉൾപ്പടെ 7 വാച്ച് ആൻഡ് വാർഡുമാർ ഇന്ന് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കേരളാ പൊലീസ് അസോസിയേഷനെ കൂടാതെ, കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ കാണാൻ ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ മന്ത്രിയുടെ മുന്നിലും പരാതിയുമായി അസോസിയേഷൻ നേതാക്കളെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഇതിനിടെ, നിയമസഭാ മന്ദിരത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സ്പീക്കർക്ക് പരാതി നൽകി. അഞ്ച് എം.എൽ.എമാർ വാച്ച് ആൻ്റ് വാർഡിന് എതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാൻ വാച്ച് ആന്റ് വാർഡ് ശ്രമിച്ചതാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
സ്പീക്കർ നീതി പാലിക്കണമെന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘർഷത്തിനിടെ ഭരണപക്ഷ എംഎൽഎമാരുടെ സംരക്ഷണയിൽ സ്പീക്കർ ഓഫീസിൽ പ്രവേശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആന്റ് വാർഡ് മർദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഉന്തിനും തള്ളിനുമിടയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു.