പ്രകൃതിയും മനുഷ്യനും കേന്ദ്രബിന്ദുക്കളാകുന്ന വികസന പ്രവർത്തനങ്ങളാണ് കേരളത്തിന് അനിവാര്യമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ഭവന നിർമ്മാണ ടെക്നിക്കൽ സെൽ നടത്തിയ ചെലവ് കുറഞ്ഞ നിർമ്മാണ രീതികളിൽ ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെ കുറിച്ചുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം വന്ന് തലക്ക് മുകളിലൂടെ വെള്ളം വന്നപ്പോൾ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തിയതിന്റെ അനുഭവങ്ങൾ നമ്മൾ തിരിച്ചറിഞ്ഞതാണ്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം തരം മാറ്റാൻ വേണ്ടിയുള്ള നിയമം അല്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭവന നിർമ്മാണ സങ്കൽപ്പങ്ങൾ മാറേണ്ടതുണ്ട്. കുറഞ്ഞ ചെലവിൽ പ്രൃകൃതിക്ക് ഇണങ്ങും വിധം വീടുകൾ നിർമ്മിക്കുവാൻ കഴിയണം. അത്തരത്തിൽ ഒരു പാർപ്പിട നയം രൂപീകരിക്കുവാനും സർക്കാർ ആലോചിക്കുന്നുണ്ട്. കേരളം ഒരു മോഡൽ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച സംസ്ഥാനമാണ്. ഭൂപരിഷ്‌ക്കരണത്തിലും, ഭവന നിർമ്മാണ രംഗത്തും, ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും മാതൃക സൃഷ്ടിക്കാൻ നമുക്കായി. സ്വന്തമായി ആറടി മണ്ണിന്റെ അവകാശിയല്ലാത്ത പാവപ്പെട്ടവന് ഭൂമി നൽകാൻ ഭൂപരിഷ്‌ക്കരണത്തിലൂടെ നമുക്ക് കഴിഞ്ഞു. മഴയും വെയിലും കൊള്ളാതെ അന്തിയുറങ്ങാൻ വീടില്ലാത്തവന് വിവിധ ഭവന പദ്ധതികളിലൂടെ വീടുകൾ നൽകുന്ന വിപ്ലവകരമായ പ്രവർത്തനം കേരളം നടത്തി.
പ്രതിഭാധനനായ മുഖ്യമന്ത്രി സി.അച്ചുതമേനോന്റെ നേതൃത്വത്തിൽ എം എൻ ഗോവിന്ദൻ നായർ ആവിഷ്‌ക്കരിച്ച എം എൻ ലക്ഷം വീട് പദ്ധതി അൻപത് വർഷം പിന്നിട്ടിരിക്കുകയാണ്. പാവപ്പെട്ടവന്റെ ജീവിതത്തിന് സുരക്ഷിതത്വം നൽകിയ പദ്ധതിയായിരുന്നു അത്. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും പണം എടുക്കാതെ 1 രൂപ സംഭാവന പിരിവിലൂടെ 1 ലക്ഷം വീടുകൾ നിർമ്മിക്കുവാൻ ഇതിലൂടെ കഴിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച് ഭവനരഹിതരായ മൂന്നര ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകിയ ലൈഫ് ഭവന പദ്ധതി ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ലക്ഷം വീടുകളിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കുന്ന എം എൻ സുവർണ്ണ ഭവന പദ്ധതി നടപ്പിലാക്കാൻ ഭവന നിർമ്മാണ ബോർഡ് ഒരുങ്ങുകയാണ്. ഭവന നിർമ്മാണ രംഗത്ത് പുതിയ ആശങ്ങൾ ഉണ്ടാകണം. പ്രകൃതി നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ടാകണം അത്തരം ആശങ്ങൾ രൂപീകരിക്കേണ്ടത്. അത്തരത്തിൽ കേരളത്തിന് അനുയോജ്യമായ ചെലവു കുറഞ്ഞ പരിസ്ഥിതി സൗഹൃദമായ ഭവന നിർമ്മാണ രീതികളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്ന ദേശീയ ഭവന പാർക്ക് തിരുവനന്തപുരത്തെ വാഴമുട്ടത്ത് നിർമ്മാണം ആരംഭിക്കാൻ പോവുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കും ഇത്തരമൊരു പാർക്ക്. രണ്ട് വർഷം കൊണ്ട് ഈ പദ്ധതി പൂർത്തീകരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.