ഭോപ്പാല്‍: മധ്യപ്രദേശില്‍ 60 അടി താഴ്ച്ചയുള്ള കുഴല്‍കിണറില്‍ വീണ എട്ടു വയസ്സുകാരന്‍ മരിച്ചു. കുട്ടിയെ പുറത്ത് എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ വിടിഷ ജില്ലയില്‍ കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെയാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്.
60 അടി താഴ്ച്ചയുള്ള കിണറില്‍ 43 അടിയിലാണ് കുട്ടി കുടുങ്ങി കിടന്നത്. കുട്ടിക്ക് രക്ഷാപ്രവര്‍ത്തകര്‍ ഓക്‌സിജന്‍ നല്‍കുന്നുണ്ടായിരുന്നു. കുഴല്‍ കിണറിനുള്ളില്‍ നിന്നും ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു എന്നല്ലാതെ കുട്ടിയുമായി സംസാരിക്കാനോ ഭക്ഷണം എത്തിച്ചു കൊടുക്കാനോ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല. 20 മണിക്കൂറിലധികമായി കുട്ടി കിണറ്റില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുട്ടി കുഴല്‍കിണറിനുള്ളില്‍ വീണ ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. അതേസമയം, കുടുംബത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.