ന്യൂഡല്‍ഹി: എംപിമാരെ താക്കീത് ചെയ്തതിന്‍റെ പേരിലുണ്ടായ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാർലമെൻ്റ് തെരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് യോഗം വിളിച്ചതെന്നും യോഗത്തില്‍ എംപിമാര്‍ക്ക് നല്‍കിയ നോട്ടീസിന്‍റെ കാര്യങ്ങൾ സംസാരിച്ചെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി അധികാരം പ്രയോഗിച്ചതല്ലെന്നും നല്ല ഉദ്ദേശ ശുദ്ധിയോടെയാണ് നോട്ടീസ് നൽകിയത് അദ്ദേഹം വിശദീകരിച്ചു. ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകില്ല. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് തീർക്കുമെന്നും രാഷ്ട്രീയ കാര്യ സമിതി ഉടൻ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതൃത്വം വിളിച്ച യോഗത്തിന് ശേഷമായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തും.
പ്രതിസന്ധി രൂക്ഷമായതോടെ കെ.സി വേണുഗോപാല്‍ ഡല്‍ഹി ലോധി എസ്റ്റേറ്റിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള വഴി തെളിഞ്ഞത്. രാഹുല്‍ ഗാന്ധിയൊഴികെ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ കോണ്‍ഗ്രസ് എം.പിമാരും യോഗത്തില്‍ പങ്കെടുത്തു. ഡിസിസി, ബ്ലോക്ക് തല പുനഃസംഘടനയില്‍ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ഭൂരിഭാഗം എം.പിമാരും യോഗത്തെ അറിയിച്ചു.
കെ.മുരളീധരനും എം.കെ രാഘവനും പരസ്യ പ്രസ്താവന വിലക്കി കത്ത് നല്‍കിയതും വിമര്‍ശിക്കപ്പെട്ടു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ പരസ്പരം പോരുമായി മുന്നോട്ട് പോകരുത് എന്ന് എഐസിസി നേതൃത്വം എംപിമാരോടും കെ.സുധാകരനോടും നിര്‍ദേശിച്ചു. പരസ്യ പ്രതികരണങ്ങള്‍ അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. പകരം പുഃസംഘടനയില്‍ എംപിമാരെക്കൂടി കേട്ട് തീരുമാനം എടുക്കും എന്ന ഉറപ്പ് യോഗം നല്‍കി. തുടര്‍ന്നാണ് നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കണ്ടത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചു. അഭിപ്രായ വ്യത്യാസമുള്ള എല്ലാവരുമായും ചര്‍ച്ച നടത്തും. രാഷ്ട്രീയകാര്യ സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
അതേസമയം, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അടുത്തയാഴ്ച കേരളത്തിലെത്തും. രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന നേതാക്കളോടു കാര്യങ്ങൾ ചോദിച്ചറിയും. എല്ലാ മാസവും എംപിമാരുടെ യോഗം ചേരുമെന്നും താരിഖ് അൻവർ അറിയിച്ചു.