കൊച്ചി: റോഡ് സുരക്ഷാ അവബോധം പ്രചരിപ്പിക്കുന്നതിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച ഹോണ്ട മനേസര്‍ ഹാഫ് മാരത്തണിന്റെ ആദ്യ പതിപ്പിന് മികച്ച പ്രതികരണം. വിവിധ പ്രായ വിഭാഗങ്ങളിലുള്ള 2100ലധികം പേര് റണ്‍ ഫോര്‍ റോഡ് സേഫ്റ്റി എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു. മനേസറിലെ എച്ച്എംഎസ്ഐയുടെ ഗ്ലോബല്‍ റിസോഴ്സ് ഫാക്ടറിയില്‍ നിന്നായിരുന്നു മാരത്തണിന്റെ ഫ്ലാഗ് ഓഫ്. മാരത്തണില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും പ്രമുഖ എന്‍ജിഒ ആയ ഡിവിനിറ്റി (DVntiy) സര്‍വീസസിന്റെ റോഡ് സുരക്ഷാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി സംഭാവന ചെയ്തു. ഫിറ്റ്നസ് രംഗത്തെ പ്രമുഖരായ മിലിന്ദ് സോമന്, മന്ദിര ബേദി എന്നിവരുടെ സാന്നിദ്ധ്യം മാരത്തണിനെ കൂടുതല്‍ ശ്രദ്ധേയമാക്കി.
എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ഉള്‍ക്കൊള്ളിക്കുന്നതിന് 21.1 കി.മീ, 10 കി.മീ, 5 കി.മീ, മുതിര്‍ന്ന പൗരന്മാര്ക്ക് 3 കി.മീ ഓട്ടം എന്നിങ്ങനെ നാലുവിഭാഗങ്ങളിലായിട്ടായിരുന്നു മാരത്തണ്‍. ഹാഫ് മാരത്തണില്‍ അറുനൂറിലധികം പേര് പങ്കെടുത്തു. 10 കി.മീ വിഭാഗത്തില്‍ എഴുനൂറോളം പേരും, 5 കി.മീ, 3 കി.മീ വിഭാഗങ്ങളില്‍ 25ലധികം നിരാലംബരായ കുട്ടികള്‍ ഉള്‍പ്പെടെ എണ്ണൂറിലധികം പേരും പങ്കെടുത്തു.
ഹാഫ് മാരത്തണ്‍ പുരുഷ വിഭാഗത്തില്‍ രഞ്ജിത് കുമാര്‍ പട്ടേലും (01:06:09 സമയം), വനിതാ വിഭാഗത്തില്‍ റിന ശര്‍മയും (01:19:29) ഒന്നാം സ്ഥാനം നേടി. ഇരുവര്‍ക്കും ഹോണ്ട ആക്ടീവ സമ്മാനമായി ലഭിച്ചു. പുരുഷ വിഭാഗത്തില്‍ അനില്‍ കുമാര്‍ യാദവ്, അര്ജുന് പ്രധാന് എന്നിവരും, വനിതാ വിഭാഗത്തില്‍ ബധോ, സോനം എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 10 കിലോമീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ തന്നു വാട്സ്, ലവ് ചൗധരി എന്നിവര്‍ പതിനായിരം രൂപ ക്യാഷ് അവാര്‍ഡ് നേടി. മെഗാ ലക്കി ഡ്രോയില്‍ വിജയിച്ച പ്രതാപ് സിങ് ലാംബയ്ക്ക് ഹോണ്ട ഹൈനസ് സിബി350 ബൈക്കും സമ്മാനമായി ലഭിച്ചു.
മനേസര്‍ ഹാഫ് മാരത്തണില്‍ പങ്കെടുക്കുത്തവരുടെ ഓരോ ചുവടും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് അവബോധം പ്രചരിപ്പിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു. റോഡിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് ഇന്ത്യ വലിയ പരിശ്രമം നടത്തുമ്പോള്‍ ആളുകള്‍ അവരുടെ കടമയും ഉത്തരവാദിത്തങ്ങളും മനസിലാക്കേണ്ടത് നിര്‍ണായകമാണെന്നും ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.