കൊച്ചി: സോണ്‍ട കമ്പനിക്കെതിരെ കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. തീപിടുത്തമുണ്ടായാല്‍ കരാര്‍ കമ്പനിയ്ക്ക് അതില്‍ ഉത്തരവാദിത്തമുണ്ടെന്ന് മേയര്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷം സംസാരിക്കാന്‍ തയാറായിട്ടില്ല. വിട്ടുവീഴ്ചയോട് കൂടിയ സമീപനമാണ് തനിക്ക് ഇക്കാര്യത്തിലുള്ളതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കമ്പനി കരാര്‍ ഏറ്റെടുക്കുമ്പോള്‍ ഫയര്‍ ഫൈറ്റിങ് സംവിധാനങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത അവര്‍ക്കുണ്ടെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്ന് മേയര്‍ പറഞ്ഞു. തീപിടുത്തത്തില്‍ കൃത്യമായി അന്വേഷണം നടക്കട്ടേയെന്നും ഇപ്പോള്‍ എന്തെങ്കിലും നിഗമനത്തിലേക്ക് എത്താന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ബ്രഹ്മപുരത്തെ കരാര്‍ കമ്പനിയായ സോണ്‍ട ഇന്‍ഫ്രാടെക് കമ്പനി എന്തു ചിന്തിക്കുന്നു എന്നത് എനിക്ക് ഒരു വിഷയമല്ല. എന്നാല്‍ സോണ്‍ടയോട് എതിര്‍പ്പില്ല. ഭരണഘടനാ പദവിയില്‍ ഇരിക്കുമ്പോള്‍ സോണ്‍ട ബിസിനസ് നിര്‍ത്തിപ്പോകുമോ എന്നത് ഒരു വിഷയമല്ല. എന്നാല്‍ നിക്ഷേപകരോട് വിദ്വേഷത്തോടെ സമീച്ചിട്ടില്ല. ഇത് എന്റെ നയമല്ല, സര്‍ക്കാരിന്റെ നയമാണ്. ആ സപ്പോര്‍ട്ട് സോണ്‍ടയ്ക്കും കൊടുത്തു. സോണ്‍ട പറയുന്നത് ബില്ല് വൈകി എന്നാണ്. ആര്‍ഡിഎഫ് സൂക്ഷിക്കാന്‍ തീരുമാനിച്ചാല്‍ നമുക്ക് പ്രശ്‌നം വരും. അതുകൊണ്ടാണ് 50 ശതമാനം കട്ട് ചെയ്്തത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് കട്ട് ചെയ്തത് അതുകൊണ്ടാണ്. നിയമപ്രകാരമുള്ള കാര്യങ്ങളാണ് ചെയ്തത്. അവര്‍ അത് മനസിലാക്കിയാല്‍ മനസിലാക്കട്ടെ.’- സോണ്ടയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മേയര്‍ പറഞ്ഞു.
കഴിഞ്ഞ എട്ടുമാസ കാലയളവിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കാവുന്നതാണ്. എന്തുകൊണ്ട് വേണ്ട നടപടികള്‍ ഫലപ്രദമായി സ്വീകരിച്ചില്ല എന്ന് ചോദിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ല. 2011 മുതല്‍ ബ്രഹ്മപുരത്തിന്റെ കാര്യത്തില്‍ കെടുകാര്യസ്ഥത തുടരുകയാണ്. അതിന്റെ ഫലമാണ് ഇപ്പോഴുണ്ടായ തീപിടിത്തം. അതുകൊണ്ടാണ് 2011 മുതലുള്ള എല്ലാ കാര്യവും അന്വേഷിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചതെന്നും മേയര്‍ പറഞ്ഞു.
ഇനി തീപിടിത്തം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. മാലിന്യം നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവിടേയ്ക്ക് കൊണ്ടുപോകില്ല. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരെ തടഞ്ഞിട്ടില്ല. ‘കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയപ്പോള്‍ എന്നെ അവര്‍ തടഞ്ഞു. അപ്പോള്‍ മാത്രമാണ് പൊലീസ് ഇടപെട്ടത്’- മേയര്‍ പറഞ്ഞു.
കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടലിനെ മേയര്‍ സ്വാഗതം ചെയ്തു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണുന്നു. കോടതി ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ കാണുന്നത്, കോര്‍പ്പറേഷന്‍ ഭരണത്തിന് നല്ലതാണെന്നും കൊച്ചി മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് മതിയായ സൗകര്യമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്. തീവ ഗൗരവതരമായ കണ്ടെത്തലുകളാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. മാലിന്യ സംസ്കരണത്തിന് ആവശ്യമായ സ്ഥലം ബ്രഹ്മപുരം പ്ലാന്റിൽ ഇല്ല. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾ പലതും നശിച്ചു.നിലവിലുള്ള കെട്ടിടങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും സമയബന്ധിതമായി ബയോമൈനിങ് പൂർത്തിയാക്കാൻ ആവശ്യമായ യന്ത്രങ്ങൾ പ്ലാന്റിൽ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
മാലിന്യസംസ്കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ല. മാലിന്യ സംസ്കരണത്തിൽ ഇപ്പോഴുള്ള സാഹചര്യത്തിന് മാറ്റമുണ്ടാകണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണം. അതുണ്ടാകാത്തതാണ് സംസ്ഥാനത്തെ മാലിന്യ പ്രശ്നങ്ങൾ ഈ രീതിയിലെത്താൻ കാരണമായി ത്തീർന്നത്. മാലിന്യ സംസ്കരണ വിഷയത്തിൽ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കും. മൂന്നാർ അടക്കമുളള ഹിൽ സ്റ്റേഷനുകളിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിനും സംവിധാനം വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ബ്രഹ്മപുരത്ത് തീയണച്ചെങ്കിലും ജാഗ്രത തുടരുന്നതായി ജില്ലാ കലക്ടർ കോടതിയിൽ വിശദീകരണം നൽകി. ഫയർ ഫൈറ്റിങ് യൂണിറ്റുകൾ ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നതായും വായുവിന്റെ നിലവാരവും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടുവെന്നും ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. കലക്ടർ എന്ന നിലയിൽ മാത്രമല്ല കൊച്ചി നിവാസി എന്ന നിലയിലും മാലിന്യ പ്രശ്നത്തിൽ ഇടപെടണമെന്ന് കോടതി നിർദ്ദേശിച്ചു. ഉറവിട മാലിന്യ സംസ്കരണം ഫലപ്രദമായി നടക്കണം. ഇത് നിരീക്ഷിക്കാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. നവകേരള പരിപാടിയിൽ മാലിന്യ വിഷയം ഉൾപ്പെടുത്തണം. വിഷയത്തിൽ എല്ലാവരുമായി ചർച്ച നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.