കൊച്ചി: 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂർണമായി അണച്ചതായി ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായി. ഭാവിയിൽ ബ്രഹ്മപുരത്ത് തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള പദ്ധതികൾ അവലോകനം ചെയ്യാൻ ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കലക്ടർ.
ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, ഹോംഗാർഡ്, കോര്‍പ്പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, ആരോഗ്യം, എക്സകവേറ്റർ ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്. സ്‌മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ വരെ നിതാന്ത ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കും. ഇതിനാവശ്യമായ എസ്‌കവേറ്ററുകളും ഉപകരണങ്ങളുണ്ട്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ തീയും പുകയും പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞു.
ഭാവിയില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല പദ്ധതി തയാറാക്കാന്‍ അഗ്നിരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ വാച്ചര്‍മാരെ നിയോഗിക്കുന്നതിലും ഹൈഡ്രന്റ്‌സ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും വിശദമായ കര്‍മ്മ പദ്ധതി തയാറാക്കി ജില്ലാ ഭരണകൂടത്തിന് നല്‍കും. ഇതനുസരിച്ചായിരിക്കും അടുത്ത നടപടി. തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ഉടന്‍ നടപ്പാക്കും.
തീ അണയ്ക്കൽ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഉദ്യോഗസ്ഥർക്ക് ശാരീരികവും മാനസികവുമായ സമ്മർദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കാക്കനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ കോളേജിലെ ടീമിന്റെ സേവനം ലഭ്യമാക്കി മെഡിക്കൽ ക്യാംപ് ചൊവാഴ്ച്ച സംഘടിപ്പിക്കും. ക്യാമ്പിൽ പൾമണോളജിസ്റ്റ് ഉൾപ്പടെയുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ഇതിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ സൈക്കോ സോഷ്യൽ സപ്പോർട്ടും ലഭ്യമാക്കും. വിവിധ ജില്ലകളിൽ നിന്നുള്ള ജീവനക്കാർക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് അതത് ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ നടപടിയുണ്ടാകും. ഇവരുടെ തുടർ ആരോഗ്യപരിപാലനവും ഉറപ്പാക്കും.
വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു വരുന്നുണ്ട്. കഴിഞ്ഞയാഴ്ച 442 ആയിരുന്ന പർട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് 139 വരെ എത്തിയിട്ടുണ്ട്. ഇനിയും അത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീപിടിത്തമണയ്ക്കാൻ മിഷൻ മോഡിൽ പ്രവർത്തിച്ചതു പോലെ തന്നെ മാലിന്യ സംസ്‌കരണത്തിനായി ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ജില്ലാ ഭരണ കൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകി പ്രവർത്തിക്കുമെന്നും കലക്ടർ പറഞ്ഞു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കലിന്റെ അവസാനഘട്ടത്തിൽ 98 അഗ്നിശമന സേനാംഗങ്ങളും, 22 എസ്‌കവേറ്റർ ഓപ്പറേറ്റർമാരും 57 സിവിൽ ഡിഫൻസ് അംഗങ്ങളും 24 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും 16 ഹോം ഗാർഡുകളും 4 പോലീസുകാരും ആണ് രംഗത്തുണ്ടായിരുന്നത്. 22 എസ്‌കവേറ്ററുകളും 18 ഫയർ യൂണിറ്റുകളും 3 ഹൈ പ്രഷർ പമ്പുകളുമാണ് പ്രവർത്തിച്ചത്. സെക്ടർ വെസ്റ്റിലെയും സെക്ടർ 1 ലെയും പുകയണയ്ക്കലാണ് ഏറ്റവുമൊടുവിൽ പൂർത്തിയാക്കിയത്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം. മാലിന്യ പ്ലാന്റ് പ്രദേശത്ത് അസ്‌ക ലൈറ്റുകൾ വിന്യസിച്ച് രാത്രിയിലും നടത്തിയ നിതാന്ത പരിശ്രമമാണ് പുക നിയന്ത്രണം ഫലവത്താക്കിയത്.
ഫയർ ടെൻഡറുകൾ നേരിട്ട് എത്തിക്കാനാകാത്തതാണ് ചതുപ്പു മേഖലയിൽ നേരിട്ട പ്രശ്നം. കടമ്പ്രയാറിൽ നിന്നും ഉയർന്ന ശേഷിയുള്ള പമ്പുകൾ ഉപയോഗിച്ച് ഉന്നത മർദത്തിൽ വെള്ളം പമ്പു ചെയ്താണ് ഇതിന് പരിഹാരം കണ്ടത്. മിനിട്ടിൽ 4000 ലിറ്റർ വെളളമാണ് ഇത്തരത്തിൽ പമ്പു ചെയ്തത്. ഫയർ ടെൻഡറുകൾ എത്തിക്കാനാകാത്ത മറ്റ് കൂനകളിലേക്കും വെള്ളമെത്തിക്കാൻ പമ്പ് ഉപയോഗിച്ചു.
പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ചായിരുന്നു പുക അണയ്ക്കൽ. വിവിധ വകുപ്പുകളുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിൽ പൂർണമായും പുകയണയ്ക്കാൻ കഴിഞ്ഞതായി റീജിയണൽ ഫയർ ഓഫീസർ പറഞ്ഞു.
അതേസമയം, ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോർട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. പൊതുജനാരോഗ്യം ഉറപ്പാക്കാൻ വേണ്ട സഹായങ്ങൾ നൽകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.