ചെന്നൈ: തമിഴ്നാട് പളനിക്ക് സമീപം ഒട്ടൻഛത്രത്ത് കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു. ഛത്രപ്പട്ടി ഗ്രാമത്തിലെ കൃഷിക്കാരനായ സൗന്ദർരാജനാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.
ചോളപ്പാടത്ത് കയറിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. സൗന്ദർരാജനും സഹോദരനും ചേർന്ന് ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. നിലത്ത് വീണുപോയ സൗന്ദർരാജനെ ആന ചവിട്ടിക്കൊന്നു.
വിവമരമറിഞ്ഞ് സ്ഥലത്തെത്തിയ ഒട്ടൻഛത്രം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയും ഛത്രപ്പട്ടി പൊലീസിന് നേരെയും ക്ഷുഭിതരായ നാട്ടുകാർ പ്രതിഷേധമുയർത്തി. ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് മോർച്ചറിക്ക് മുമ്പിൽ ഏറെ നേരം കുത്തിയിരുന്ന് പ്രതിഷേധിച്ചു. എട്ട് ദിവസം മുമ്പ് പളനിക്കടുത്ത് വനമേഖലയിലും ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു.
ദിണ്ടിഗൽ ഫോറസ്റ്റ് ഓഫീസർ പ്രഭുവും ജില്ലാ കളക്ടർ പളനിയും എത്തി ഏറെ നേരം ചർച്ച നടത്തിയതിന് ശേഷമാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്. സൗന്ദർരാജന്‍റെ മകന് സർക്കാർ ജോലിയും കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും നൽകുന്ന കാര്യം സർക്കാരിനോട് ശുപാർശ ചെയ്യാമെന്ന് കളക്ടർ അറിയിച്ചു.