കൊച്ചി: ബ്രഹ്മപുരത്ത് കരാർ കിട്ടിയത് യോഗ്യതയുള്ളതിനാലെന്ന് സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. കരാർ നേടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ലെന്നും രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു.
പുറത്തു വരുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. കരാർ ലഭിച്ചത് കമ്പനിക്ക് യോഗ്യതയുള്ളതിനാലാണ്. ഇന്ത്യയിൽ 14 സംസ്ഥാനങ്ങളിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും ടെൻഡറിൽ പറഞ്ഞ മാനദണ്ഡങ്ങൾ കമ്പനിക്കുള്ളത് കൊണ്ടാണ് കരാർ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ടാണ് തീപിടിച്ചത്. ദിവസവും കൊണ്ടിടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കല്ല. കൊല്ലത്തെ പദ്ധതിയിൽ നിന്ന് സ്വയം പിന്മാറിയതാണ്. കണ്ണൂരിൽ കരാറിൽ പറഞ്ഞതിന്റെ നാലിരട്ടി വരുമെന്ന് കണ്ടു. കൂടുതൽ പണം ചോദിച്ചത് അതുകൊണ്ടാണെന്നും രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. 500 കോടി രൂപ പ്രൊജക്ട് നിലനിൽക്കുമ്പോൾ ആരെങ്കിലും മാലിന്യം കത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
‘ബയോ മൈനിങിൽ മുൻ പരിചയമുണ്ട്. 5,51000 ക്യുബിക് മീറ്റർ മാലിന്യം ബ്രഹ്മപുരത്തുണ്ട്. ഇത് മാറ്റാൻ 18 മാസം സമയം വേണം.110 ഏക്കറിൽ 40 ഏക്കർ മാത്രമാണ് സോണ്ട ഇൻഫ്രാടെക് ഏറ്റെടുത്തിട്ടുള്ളത്. ആ 40 ഏക്കറിന് പുറത്തേക്കും തീ പിടിത്തമുണ്ടായെന്നും’ രാജ് കുമാർ പറഞ്ഞു.
‘മാലിന്യങ്ങൾ കത്തിച്ചതെന്ന് പറയുന്ന ആരോപണം പരിഹാസ്യമാണ്. പ്ലാസ്റ്റിക് മാലിന്യം കത്തിപോയാൽ നഷ്ടം ഞങ്ങൾക്ക് തന്നയല്ലേ ? ദിവസവും കൊണ്ടിടുന്ന മാലിന്യത്തിന്റെ ഉത്തരാവദിത്തം കമ്പനിക്കല്ല. തീ കത്തുമ്പോൾ അണക്കാനുള്ള ഉത്തരാവാദിത്തം കോർപ്പറേഷനാണെന്നും അദ്ദേഹം പറഞ്ഞു.
‘തീ മുന്നറിയിപ്പ് നൽകുന്ന കത്ത് കൊച്ചി കോർപ്പറേഷൻ കമ്പനിക്ക് നൽകിയിട്ടില്ല. ഞങ്ങൾക്ക് കിട്ടാത്ത കത്ത് കിട്ടിയെന്ന് വരുത്താനാണ് ശ്രമമാണ്. രണ്ട് കത്തുകളും വ്യാജമാണ്.അത് കെട്ടിച്ചമച്ച കത്തുകളാണ്. കത്ത് വന്നിട്ടുണ്ടോ ഇല്ലയോ എന്നത് തെളിയിക്കേണ്ടത് കോർപറേഷനാണ്’. വ്യാജ രേഖ ചമച്ചതിന് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.